Skip links

മുസ്ലിം പിന്നാക്കാവസ്ഥയും ഇസ്ലാം മതവും : ഭാഗം ഒന്ന് – ഗസ്സാലിയാക്കൾ


മുസ്ലിം സമൂഹത്തിൻ്റെ വൈജ്ഞാനികമായ പിന്നാക്കാവസ്ഥയുടെ മതപരമായ കാരണങ്ങളിലേക്കുള്ള ഒരെത്തിനോട്ടമാണ് ഈ പരമ്പരയിൽ ഉദ്ദേശിക്കുന്നത്. യഥാർത്ഥ വിജ്ജ്ഞാനം തങ്ങളുടെ മതഗ്രന്ഥങ്ങൾ മുന്നോട്ടു വെക്കുന്ന ആശയങ്ങളാണെന്ന ചിന്ത പ്രചരിപ്പിച്ച് ഇസ്ലാം വിശ്വാസികളുടെ ജീവിതം മൊത്തം ആചാര മതത്തിൽ വരിഞ്ഞു മുറുക്കിയതാണ് ഇത്ര വലിയ ദുരന്തത്തിലേക്ക് മുസ്ലിം സമൂഹത്തെ നയിച്ചത്. ഈ ആശയം പിന്തുടർന്നു കൊണ്ട് ഇസ്‌ലാമിക പുരോഹിതന്മാർ ആധുനിക വിദ്യാഭ്യാസം നിഷിദ്ധമാക്കുകയും പെൺകുട്ടികളെ എഴുത്ത് പഠിപ്പിക്കുന്നത് നിഷിദ്ധമാക്കുകയും സ്ത്രീകളുടെ ശബ്ദം പോലും ഔറത്തായി പ്രഖ്യാപിച്ചു കൊണ്ട് സ്ത്രീകളെ വെറുമൊരു പ്രസവ യന്ത്രമാക്കി മാറ്റി സമൂഹത്തെ ഒന്നടങ്കം പിന്നോട്ട് വലിക്കുകയും ചെയ്തു. (മറക്കപ്പെടേണ്ട നഗ്നതയാണ് ഔറത്ത് എന്നതിൻ്റെ  മതപരമായ വിവക്ഷ)

ഇസ്ലാമിക സുവർണ്ണ കാലഘട്ടത്തെക്കുറിച്ച് ഒരൽപ്പം കാര്യങ്ങൾ:

ഒരുകാലത്ത് മുസ്ലിം ലോകമായിരുന്നു ലോക വിജ്ഞാന മുന്നേറ്റങ്ങളുടെ പതാക വാഹകർ. ഇസ്ലാമിക സുവർണ്ണ കാലം എന്നറിയപ്പെടുന്ന കാലത്ത് രാഷ്ട്രീയമായ മുന്നേറ്റം മൂലം പുറംലോകവുമായി, വിശിഷ്യാ ഗ്രീക്ക് ചിന്തകളുമായി ഒരു സങ്കലനം ഇസ്ലാമിക ലോകത്തുണ്ടായി. ഈ ചിന്താപരമായ സങ്കലനത്തിൻ്റെ  ഫലമായി ഇസ്ലാമിക ലോകത്ത് നിന്നും ഒരുപാട് അതുല്യ ശാസ്ത്ര പ്രതിഭകൾ ഉയർന്നുവന്നു. ഇസ്ലാമിനകത്ത് ഈ കാലഘട്ടത്തിൽ ഉദയം ചെയ്ത മുഅത്തസിലിയ്യാ ചിന്താപദ്ധതി ഈ മുന്നേറ്റങ്ങളെ ആശയപരമായി സ്വാധീനിച്ചു. ഭരണാധികാരികളിൽ നിന്ന് ഉറച്ച പിന്തുണയും കൂടെ കിട്ടിയതോടെ ലോകം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിജ്ഞാന വിപ്ലവമായി അതു മാറി. (മുഅത്തസലികൾ എന്ന് അവരെ മറ്റു മുസ്ലിംകൾ പരിഹസിച്ച് വിളിക്കുന്നതാണ്. വിഘടിച്ചു പോയവർ എന്നാണ് ഈ വാക്കിൻ്റെ അർത്ഥം. ഹസനുൽ ബസ്വരി എന്ന സുന്നീ പണ്ഡിതനാണ് ആദ്യമായി അവരെ ഈ പേരിട്ട് വിളിച്ചത്. അവർ തങ്ങളെ വിശേഷിപ്പിച്ചത് അഹ്ലുത്തൗഹീദി വൽ അദ്ൽ എന്ന പേരിലാണ്.) എന്നാൽ ഈ മുന്നേറ്റങ്ങൾ ഇസ്ലാമിനെ തകർക്കുമെന്ന് വിശ്വസിച്ച ചില ഇസ്ലാമിക പണ്ഡിതന്മാർ ഇതിനെതിരെ കുതൂഹുലം കൂട്ടി. ഇസ്ലാമിൻറെ മൂല പ്രമാണങ്ങളും മൂല സിദ്ധാന്തങ്ങളുമുയർത്തിപ്പിടിച്ചുകാെണ്ട് അവർ ഈ മുന്നേറ്റങ്ങളെ നേരിട്ടു. അഷ്അരിയും ഗസ്സാലിയുമായിരുന്നു ഇതിൽ പ്രമുഖർ. നിസാം അൽ മുൽക്കിനെപ്പോലുള്ള ഭരണാധികാരികളിൽ നിന്ന് രാഷ്ട്രീയമായ പിന്തുണ കൂടെ കിട്ടിയതോടെ ഈ കുതൂഹുലങ്ങൾ വിജയം കണ്ടു. കാരണം അത് ഭരണാധികാരികൾക്ക് വളരെ പ്രിയപ്പെട്ട ഇസ്ലാം കൂടെ ആയിരുന്നു. ഭരണാധികാരികളെ എതിർക്കൽ ഇവർ സ്ഥാപിച്ച ഇസ്ലാമിൽ മതവിരോധമായിരുന്നു. അങ്ങനെ രാഷ്ട്രീയമായും ചിന്താപരമായും സമ്പൂർണ്ണമായും ഷണ്ഡീകരിക്കപ്പെട്ട, ആചാരങ്ങളാൽ മനുഷ്യജീവിതത്തെ സമ്പൂർണ്ണമായും വരിഞ്ഞുമുറുക്കുന്ന ഒരുതരം മതം സ്ഥാപിതമായി. (ഇവർ സ്ഥാപിച്ച ഇസ്ലാമിൻ്റെ  പിന്മുറക്കാരായതുകൊണ്ടാണ് കേരളത്തിലെ സമസ്ത സുന്നികൾ ബ്രിട്ടീഷുകാർക്കനുകൂലമായി നിന്നത്). അറിവിനോടുള്ള പുറം തിരിച്ചിലിൻ്റെ  ഭീകരത  ഓട്ടോമൻ തുർക്കിയിൽ അച്ചടി പോലും നിരോധിക്കപ്പെടുന്ന അവസ്ഥയിലേക്ക് എത്തിച്ചു.

മുസ്ലിം ലോകത്തെ ഇരുട്ടിലേക്ക് നയിച്ചതിൽ ഗസ്സാലിയുടെ പങ്ക്

സുവർണ്ണ കാല മുന്നേറ്റങ്ങൾക്ക് ശേഷമുള്ള ഇസ്‌ലാമിക സമൂഹത്തെ രൂപപ്പെടുത്തിയവരിൽ ഏറ്റവും പ്രധാനിയും മുഹമ്മദിന് ശേഷം മുസ്ലിംകളിലെ സകല വിഭാഗക്കാരാലും അംഗീകരിക്കപ്പെടുന്ന ഇസ്ലാമിക തത്വ ചിന്തകനുമായ ഗസ്സാലിയുടെ നിലപാടുകളാണ് നാമിവിടെ  മുഖ്യമായും പരിശോധിക്കുന്നത്. ഹുജ്ജത്തുൽ ഇസ്ലാം – ഇസ്‌ലാമിൻ്റെ അനിഷേധ്യമായ തെളിവ് – എന്നാണ് മുസ്ലിം ലോകം ആദരപൂർവ്വം ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്.  ഇസ്ലാമിൻ്റെ  സുവർണ്ണ കാലത്താണ് വിവിധ വിജ്ഞാന ശാഖകൾക്ക് അസ്ഥിവാരമിട്ട അതുല്യ ശാസ്ത്ര പ്രതിഭകളുണ്ടായി വന്നതെന്ന് നാം പറഞ്ഞുവല്ലോ. ആദ്യത്തെ ശാസ്ത്രജ്ഞൻ എന്ന പേരിനർഹനായ ഇബ്നു ഹൈസം പോലും ഈ മുന്നേറ്റങ്ങളുടെ സൃഷ്ടിയാണ്. എന്നാൽ, ഈ മുന്നേറ്റങ്ങൾ ഇസ്ലാമിനെ തകർക്കുമെന്ന് ഇസ്ലാമിക പണ്ഡിതന്മാർ ഭയപ്പെട്ടു. ഖുർആനും ഹദീസും പ്രമുഖ സഹാബികളുടെയും പണ്ഡിതരുടേയുമൊക്കെ അഭിപ്രായങ്ങളും വായിച്ച് ഇവർ മനസ്സിലാക്കിയ പല കാര്യങ്ങൾക്കും എതിരായിരുന്നു ശാസ്ത്രലോകത്തിൻ്റെ പല നിലപാടുകളും. ഭൂമി ഗോളമാണെന്നും സൂര്യനെ ചുറ്റുകയാണെന്നുമുള്ള അറിവ് ഇസ്‌ലാമിക ലോകത്ത് വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചു. ഇസ്‌ലാമിക പണ്ഡിതന്മാരിൽ വലിയൊരു വിഭാഗം ഇസ്‌ലാമിക സാഹിത്യങ്ങൾ മുന്നോട്ടു വെക്കുന്ന സ്ഥിര സ്ഥായിയായ ഭൂമി എന്ന സങ്കൽപ്പത്തിൽ ഉറച്ചു നിൽക്കുകയും തത്വ ചിന്തകരെ ആക്ഷേപിക്കുകയും ചെയ്തു. അക്കാലം വരെയുള്ള ഇസ്ലാമിക സാഹിത്യങ്ങൾ മുന്നോട്ടു വെച്ചിരുന്ന പ്രപഞ്ച സങ്കൽപ്പങ്ങളിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന ഗസ്സാലിക്ക് ഗണിതവും ഗോള ശാസ്ത്രവും പഠിച്ചപ്പോൾ തത്വചിന്തകരുടെ വാദങ്ങൾ അചഞ്ചലമായ തെളിവുകളാൽ സ്ഥിരപ്പെട്ടതാണെന്ന് ബോധ്യപ്പെട്ടു. തത്വചിന്തയും അക്കാലത്തെ ശാസ്ത്ര വിജ്ഞന്മാരുടെ നിരീക്ഷണങ്ങളും എല്ലാം പഠിച്ച ഗസ്സാലി വളരെ വലിയ ഒരു ആശയ പ്രതിസന്ധിയിലകപ്പെട്ടു.

ഈ കൊടിയ ഇടങ്ങേറുകളിൽ നിന്ന് രക്ഷ തേടി ഗസ്സാലി എത്തിച്ചേർന്നത് അത്യന്തം പിന്തിരിപ്പനും അപകടകരവുമായ നിലപാടുകളിലേക്കായിരുന്നു. മത കാഴ്ച്ചപ്പാടിൽ പ്രോത്സാഹനീയമായ അറിവ് കേവലം മതകർമ്മ ചര്യകളും മത തത്വങ്ങളും വിശ്വാസ സംഹിതകളുമാണെന്ന ഇസ്ലാമിക സങ്കൽപ്പത്തെ ഊട്ടിയുറപ്പിച്ചു കൊണ്ട് മറ്റു വിജ്ഞാനീയങ്ങളെയെല്ലാമപ്പാടെ തഴയുന്നതും തടയുന്നതുമായിരുന്നത്. ഗണിതം പിഴച്ച വിജ്ഞാനീയങ്ങളിലേക്കുള്ള പ്രവേശികയാകയാൽ അതിൽ വ്യാപൃതരാവുന്നവരെ അതിൽ നിന്ന്  തടയണമെന്ന് പറയുന്നിടത്തോളമെത്തി ഇദ്ദേഹത്തിൻ്റെ വികല ചിന്തകൾ. ഇമാം ഗസ്സാലിയും ഖുർആനും ഹദീസുകളും പ്രത്യക്ഷത്തിൽത്തന്നെ സൂചിപ്പിക്കുന്നതും സഹാബാക്കളുടെ അഭിപ്രായങ്ങളെയും പോലെ  ഭൂമി പരന്നതാണെന്നും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഭൂമിക്ക് ചുറ്റും കറങ്ങുകയാണെന്നും വിശ്വസിച്ചിരുന്നു. വളരെ വേഗതയേറിയതിനാലാണ് അവ 24 മണിക്കൂർ കൊണ്ട് ഇത്ര ദൂരം താണ്ടി ഭൂമിയെ കറങ്ങി തീർക്കുന്നത് എന്ന് ഗസ്സാലി തൻ്റെ “അൽഹിക്ക്മാത്തു ഫീ മഖ്ലൂഖാത്തില്ലാഹി” എന്ന കൃതിയിൽ പറയുന്നുണ്ട്. ഇദ്ദേഹത്തിനും സഹസ്രാബ്ദങ്ങൾക്ക് മുന്നേതന്നെ ഗണിതജ്ഞർ ഭൂമി ഗോളമാണെന്നും സൂര്യനു ചുറ്റും കറങ്ങുകയാണെന്നും സിദ്ധാന്തിച്ചിട്ടുണ്ട്. ‘അൽ മുൻഖിദു മിനള്ളിലാൽ’ എന്ന തൻ്റെ ക്ഷുദ്ര കൃതിയിലൂടെയാണ് ഗസ്സാലി ഗണിതത്തെക്കുറിച്ചുള്ള തൻ്റെ അറു പിന്തിരിപ്പൻ നിലപാട് പ്രഖ്യാപിക്കുന്നത്. അനന്തരാവകാശം പോലുള്ള കാര്യങ്ങൾ തീരുമാനിക്കാനും അത്യാവശ്യം കച്ചവടം കൈകാര്യം ചെയ്യാനുമായി ഗണിതത്തിൽ നിന്ന് അത്യാവശ്യമുള്ള കാര്യങ്ങൾ പഠിക്കൽ ഫർള് കിഫായ ആണ് എന്നും എന്നാൽ അതിൽ വൈദഗ്ദ്ധ്യം നേടൽ അങ്ങനെയല്ല എന്നുമാണ് ഗസ്സാലി തൻ്റെ മാസ്റ്റർപീസ് ആയ ‘ഇഹിയ ഉലൂമുദ്ധീൻ’ എന്ന കൃതിയിൽ പറയുന്നത്. വിജ്ഞാനങ്ങളെ ഇദ്ദേഹം മതപരമായി ഗുണമുള്ളതും, ഗുണമില്ലാത്തതും, പ്രത്യേക നിലപാടില്ലാത്തതും, എന്ന രീതിയിൽ വർഗീകരിച്ചിട്ടുണ്ട്. ഗുണമുള്ളത് മതവിജ്ഞാനീയങ്ങളാകയാൽ മതപരമായ വിജ്ഞാനീയങ്ങളിലാണ് വൈദഗ്ദ്ധ്യം നേടേണ്ടത് എന്നും അദ്ദേഹം സിദ്ധാന്തിച്ചു. “അല്ലാഹു ഒരാൾക്ക് നന്മ ഉദ്ദേശിച്ചാൽ അല്ലാഹു അവനെ ഇസ്ലാം മതത്തിൻ്റെ ഫിഖ്ഹിൽ (മതപരമായ കർമ്മ വിജ്ഞാനങ്ങൾ) വലിയ പണ്ഡിതനാക്കും” എന്ന ഹദീസ് ഈ വാദങ്ങൾക്ക് ബലമേകി. ഈ ഇസ്ലാമിന് രാഷ്ട്രീയമായ പിന്തുണ കൂടെ കിട്ടി. നിസാം അൽ മുൽക്കിൻ്റെ ഉറച്ച പിന്തുണയിൽ നിസാമിയ്യ എന്ന വലിയ മത പാഠ ശാല സ്ഥാപിച്ച് കൊണ്ട് ഗസ്സാലിയൻ ആശയങ്ങൾ ഇസ്‌ലാമിക സമൂഹത്തിലേക്ക് വ്യാപിച്ചു ജനതയെ മൊത്തം ഈ മതത്തിൽ മാത്രം തളച്ചിടുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങി. ഗുണമുള്ള വിജ്ഞാനമെന്നാൽ അത് ഇസ്ലാമിക മത കർമ്മങ്ങളിലുള്ള വിജ്ഞാനങ്ങളാണ് എന്ന നിലവന്നു. ഈ കലഹങ്ങൾക്ക് ശേഷം ഇസ്ലാമിക ലോകത്ത് നിന്നും ഒരു ശാസ്ത്രജ്ഞനും ഉണ്ടായി വന്നില്ല. വൈജ്ഞാനിക മുന്നേറ്റങ്ങൾ നടത്തിയ മഹാ പ്രതിഭകളെ വഴിപിഴച്ചവരും മതത്തിൽ നിന്നും പുറത്ത് പോയവരുമായി ചിത്രീകരിക്കാനും ഗസ്സാലിയും അനുയായികളും മടിച്ചില്ല. അൽ മുൻഖിദു മിനള്ളിലാൽ എന്ന കൃതിയിൽ ഗസ്സാലി പറയുന്നു: “അരിസ്റ്റോട്ടിൽ, പ്ലേറ്റോ തുടങ്ങിയവരെ ഒന്നടങ്കം കാഫിറുകളായി ഗണിക്കാനേ തരമുള്ളൂ. അവരെ പിന്തുടർന്ന ഇബ്നു സീനയും ഫാറാവിയും വഴി പിഴച്ചു. മൊത്തം ഇരുപത് അബദ്ധങ്ങൾ ഇബ്നു സീനക്ക് സംഭവിച്ചു. അതിൽ പതിനേഴെണ്ണം മത നിഷേധപരവും മൂന്നെണ്ണം മതത്തിൽ കൃത്രിമമായി കടത്തിക്കൂട്ടുന്നവയുമാണ്”. വൈദ്യ ശാസ്ത്ര ചരിത്രത്തിലെ മഹത്തായ ഒരു നാഴികക്കല്ലാണ് ഇബ്നു സീനയുടെ The Canon of Medicine എന്ന ഗ്രന്ഥം. ഇബ്നു സീനയുടെ ആയിരാം ജന്മദിനം യൂറോപ്പ് ആദരപൂർവ്വം സ്മരിച്ചപ്പോൾ ഇസ്‌ലാമിക ലോകം തികഞ്ഞ മൗനത്തിൽ ആയിരുന്നു. വിജ്ഞാന മുന്നേറ്റങ്ങളോട് ഗസ്സാലിമാരുടെ മുസ്ലിം ലോകം പുലർത്തുന്ന അനാദരവിൻ്റെ  ആഴമാണിത് കാണിക്കുന്നത്. എന്നിരുന്നാലും ശാസ്ത്രജ്ഞരോട് പടവെട്ടുന്നതിൽ നിന്നും അകന്നു നില്ക്കാൻ ഗസ്സാലി ഇസ്ലാമിക ലോകത്തോട് നിർദ്ദേശിച്ചിട്ടുണ്ട്. കാരണം അവർ പറയുന്ന അനിഷേധ്യമായ തെളിവുകളിൽ അവർ ഉറച്ചു നിൽക്കുമെന്നും അവരുമായി ഇസ്ലാമിക പണ്ഡിതർ പട വെട്ടുന്നത് അവർക്കിടയിൽ ഇസ്ലാമിനെക്കുറിച്ച് കൂടുതൽ അവമതിപ്പുണ്ടാക്കാനുമേ ഉപകരിക്കൂ എന്നുമായിരുന്നു ഗസ്സാലിയുടെ പക്ഷം. ചുരുക്കത്തിൽ, സംവാദങ്ങൾ അവസാനിപ്പിച്ച്, തത്വ ചിന്തകളുമായും ജ്ഞാനാന്വേഷണങ്ങളുമായും പൂർണ്ണമായും ബന്ധം വിച്‌ഛേദിച്ച് മതപരതയിൽ തളച്ചിടുന്ന ലോകമായിരുന്നു ഗസ്സാലി വിഭാവനം ചെയ്തത്.

ഗസ്സാലിയുടെ പാതയിൽ

ഈ ഗസ്സാലിമാരുടെ പാത പിന്തുടർന്ന് ഇനിയും എമ്പാടും മാതൃകകളുണ്ട്. ഏറ്റവും വലിയ മുജദ്ദിദുകളിൽ (പരിഷ്ക്കർത്താക്കൾ) ഒരാളായ ഇമാം നവവി ശാസ്ത്ര വിജ്ഞാനീയങ്ങളെ പടിയടച്ച് പിണ്ഡം വെച്ച സംഭവം ഇമാം സഖാവിയിൽ നിന്നുന്നദ്ധരിക്കാം. ഇമാം സഖാവി തൻ്റെ ഗ്രന്ഥങ്ങളിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

[قال الإمام النووي: “وخطر لي الاشتغال بعلم الطب، فاشتريت القانون (لابن سينا) وعزمت على الاشتغال فيه، فأظلم عليَّ قلبي، وبقيت أيَّامًا لا أقدر على الاشتغال بشيء، ففكرت في أمري: من أين دخل عليَّ الداخل، فألهمني الله أن اشتغالي بالطب سببه، فبعت في الحال الكتاب المذكور، وأخرجت من بيتي كل ما يتعلق بعلم الطب فاستنار قلبي ورجع إلى حالي]

“ഇമാം നവവി പറഞ്ഞു:വൈദ്യ പഠനത്തിൽ വ്യാപൃതനാവുന്നത് എനിക്ക് അപകടകരമായിരുന്നു. ഞാൻ ഇബ്നു സീനയുടെ ഖാനൂൻ (Cannon of Medicine) വാങ്ങി അതിൽ വ്യാപൃതനാവാൻ തീരുമാനിച്ചു. അങ്ങനെ എൻ്റെ ഹൃദയം ഇരുട്ടിലായി. എനിക്ക് ദിവസങ്ങളോളം ഒന്നും ചെയ്യാൻ പറ്റാതായി. അങ്ങനെ ഞാൻ എന്നെപ്പറ്റി ചിന്തിച്ചു: എന്നിലിതെവിടെ നിന്ന് വന്നു? വൈദ്യത്തിൽ വ്യാപൃതനായതാണ് ഇതിൻ്റെ ഹേതുവെന്നു അള്ളാഹു എനിക്ക് ഇൽഹാം (ദൈവിക പ്രേരണ) നൽകി. അപ്പുസ്തകം ഞാനുടനെത്തന്നെ വിറ്റു. ശാസ്ത്രവും  വൈദ്യവുമായി ബന്ധപ്പെട്ട എല്ലാ പുസ്തകങ്ങളും ഞാനെൻ്റെ വീട്ടിൽ നിന്ന് ഉടനെത്തന്നെ പടിയിറക്കി. അങ്ങനെ എൻ്റെ ഹൃദയം പ്രകാശിതമാവുകയും ഞാനെൻ്റെ അവസ്ഥയിലേക്ക് തിരിച്ചെത്തുകയും ചെയ്തു.”

തുടരും …


Leave a comment