Skip links

മുസ്ലിം പിന്നാക്കാവസ്ഥയും ഇസ്ലാം മതവും – ഭാഗം രണ്ട്: തുടരുന്ന ശാസ്ത്ര വിരുദ്ധത

ഖഗോളങ്ങളുടെ ആകൃതിയെക്കുറിച്ചും ചലനത്തെക്കുറിച്ചുമുള്ള അറിവ് ഇസ്ലാമിക ലോകത്തു വലിയ കോലാഹലങ്ങളുണ്ടാക്കിയ കാര്യം നമ്മൾ പറഞ്ഞുവല്ലോ. ഒരുദാഹരണത്തിനായി നമുക്ക് ഭൂമിയുടെ ഗോളാകൃതിയെ നിഷേധിച്ച് കൊണ്ട് അക്കാലത്ത് രചിക്കപ്പെട്ട ഒരു കവിതാ ശകലം ഇമാം ഖഹ്താനിയുടെ നൂനിയ്യയിൽ (كتاب نونية القحطاني) നിന്ന് വായിക്കാം.

كذب المهندس والمنجم مثله فهما لعلم الله مدعيان
الأرض عند كليهما كروية وهما بهذا القول مقترنان
والأرض عند أولي النهى لسطيحة بدليل صدق واضح القرآن
والله صيرها فراشا للورى وبنى السماء بأحسن البنيان
والله أخبر أنها مسطوحة وأبان ذلك أيما تبيان

ഇതിൻ്റെ ആശയം ഏകദേശം ഇങ്ങനെ സംഗ്രഹിക്കാം. അദ്ദേഹത്തപ്പോലെത്തന്നെ, (അരിസ്റ്റോട്ടിലിനെയാണിവിടെ ഉദ്ദേശിക്കുന്നത്) എൻജിനിയർമാരും ഗോള ശാസ്ത്രജ്ഞരും കളവു പറഞ്ഞു; അവർക്ക് ദൈവത്തിൻ്റെ അറിവുണ്ടെന്നവർ നടിക്കുന്നു. അവർക്കു ഭൂമി ഗോളമാണ്, അതിലവർ യോജിക്കുന്നു. ഇതിനെ നിഷേധിക്കുന്നവർക്ക്, ഭൂമി പരന്നതാണെന്നതിൽ ഖുർആനിൻ്റെ സത്യം തെളിവാകുന്നു. അള്ളാഹു ഭൂമിയെ ഒരു വിരിപ്പും ആകാശത്തെ ഏറ്റവും മികച്ച എടുപ്പുമാക്കിയിരിക്കുന്നു. ഭൂമി പരന്നതാണെന്ന് അള്ളാഹു നമ്മെ അറിയിക്കുകയും വ്യക്തമാക്കുകയും എങ്ങനെയൊക്കെ ഉറപ്പിക്കാമോ, അങ്ങനെയൊക്കെ ഉറപ്പിക്കുകയും ചെയ്തിരിക്കുന്നു.

ഇത്തരം തിരുമണ്ടത്തരങ്ങൾ എഴുന്നള്ളിച്ച ശേഷം വിശ്വാസികളുടെ പതിവായ ഉത്തരം മുട്ടിക്കുന്ന മില്ല്യൺ ഡോളർ ചോദ്യങ്ങളുടെ കെട്ടഴിച്ചു വിടുന്നുമുണ്ട് നമ്മുടെ ശൈഖുനാ. അതും കൂടെയൊന്നു നോക്കാം.

أأحاط بالأرض المحيطة علمهم أم بالجبال الشمخ الأكنان
أم يخبرون بطولها وبعرضها أم هل هما في القدر مستويان
أم فجروا أنهارها وعيونها ماء به يروى ظما العطشان
أم أخرجوا أثمارها ونباتها والنخل ذات الطلع والقنوان
أم هل لهم علم بعد ثمارها أم باختلاف الطعم والألوان
الله أحكم خلق ذلك كله صنعا وأتقن أيما إتقان

അവരുടെ അറിവാണോ ഭൂമിക്കു ചുറ്റുമുള്ളത്? അതോ ഉയരമുള്ള പർവ്വതങ്ങളോ? (ഭൂമിയുടെ അതിരുകളുണ്ടെന്നും ആ അതിരുകൾക്കു ചുറ്റും കാഫ് എന്ന പേരിൽ ഒരു മലയുണ്ടെന്നും ആ മലയുടെ വേരുകൾ ഭൂമി മൊത്തം വ്യാപിച്ചു കിടക്കുന്നുവെന്നും ആ മലയുടെ മുകളിലാണ് ആകാശം എന്ന മേൽക്കൂര നിലകൊള്ളുന്നതെന്നുമുള്ള ഇസ്ലാമിക മിത്ത് ആയിരിക്കാം ഇവിടെ ഭൂമിക്ക് ചുറ്റുമുള്ള ഉയരമുള്ള മല എന്നതുകൊണ്ട് ഉദ്ദേശിച്ചത്) അതിൻ്റെ നീളവും വീതിയും അവർക്കറിയുമോ? അതോ അവ തുല്യമാണോ? ദാഹമകറ്റുന്ന അരുവികളും നദികളും അവരാണോ വിതാനിച്ചത്? ഫലങ്ങളും സസ്യങ്ങളും ഈന്തപ്പനകളുമൊക്കെ ഉണ്ടാക്കിയത് അവരാണോ? ഫലങ്ങളുടെ രുചിഭേദങ്ങളെക്കുറിച്ചും നിറഭേദങ്ങളെക്കുറിച്ചും അവർക്കറിയുമോ? അള്ളാഹു സൃഷ്ടികളേക്കാൾ ബുദ്ധിയുടയവനാണ്. ശരിപ്പെടുത്തിയതൊക്കെ ശരിപ്പെടുത്തിയവനുമാണ്.

ഇത്തരം കോലാഹലങ്ങൾ ശാസ്ത്ര ലോകത്ത് ഇസ്ലാമിനെക്കുറിച്ച്‌ അവമതിപ്പുണ്ടാക്കാൻ കാരണമാവുന്നതിനാൽ ശാസ്ത്ര ലോകത്തെ അവരുടെ പാട്ടിനു വിട്ടു അതിൽ ഇടപെടാതെ ആവശ്യമില്ലാത്തത് എന്ന് താൻ ചിന്തിച്ച ശാസ്ത്ര വിജ്ഞാനങ്ങളിൽ നിന്ന് അകന്നു നിന്ന് കൊണ്ട് പൂർണ്ണമായും ബന്ധ വിച്‌ഛേദം നടത്തണമെന്ന് ഗസ്സാലി ഉണർത്തിയിരുന്നുവെങ്കിലും ശാസ്ത്ര വിരുദ്ധത ഇസ്ലാമിക പണ്ഡിത ലോകത്തുനിന്നും മായ്ച്ചു കളയാൻ അതിനൊന്നും സാധിച്ചില്ലെന്നു മാത്രമല്ല, മണ്ടൻ വചനങ്ങളും ഹദീസുകളും ആധികാരിക പണ്ഡിത വ്യാഖ്യാനങ്ങളും ഉയർത്തിപ്പിടിച്ചുകൊണ്ട് ശാസ്ത്ര വിരുദ്ധമായ പമ്പര വിഡ്ഢിത്തങ്ങൾ വിളിച്ചു കൂവുന്ന പ്രവണത ഇക്കാലത്തും തുടരുന്നു. ഇത്തരത്തിൽ സ്മരണീയമായ ഒരു നാമമാണ് സമസ്തയുടെ പതാകവാഹകനായ അഹ്മദ് റളാ ഖാൻ. അ’അലാ ഹസ്‌റത് എന്ന ആദരനാമത്തിൽ സുന്നികളാൽ വിളിക്കപ്പെടുന്ന അവരുടെ പരമോന്നത ആചാര്യരിലൊരാൾ. ഒരു പക്ഷെ ബറേല്വികൾക്ക് അജ്മീർ ഹാജ കഴിഞ്ഞാൽ ഏറ്റവും വലിയ ആത്മീയ നേതാവ്. ഹദീസുകളും ഖുർആനും ഇസ്‌ലാമിക പണ്ഡിതാഭിപ്രായങ്ങളുമുദ്ധരിച്ചുകൊണ്ട് ഭൂമിയുടെ ചലനത്തെ നിഷേധിച്ചു സൂര്യനെയും നക്ഷത്രങ്ങളെയും മറ്റു ആകാശ മീനുകളെയും ഭൂമിക്കു ചുറ്റും കറക്കാനായി ഇദ്ദേഹം രചിച്ച ക്ഷുദ്ര കൃതിയുടെ പേരാണ് nuzool-e-ayat-e-furqan by sukoon-e-zameen-o-aasman. പിന്നീട് താൻ എഴുന്നള്ളിച്ച മണ്ടത്തരങ്ങൾ വാസ്തവമാണെന്നു സ്ഥാപിക്കാൻ വേണ്ടി ലോജിക്കുകൾ വിളമ്പി fauz-e-mubeen dar radd-e-harkat-e-zameen എന്ന പേരിൽ മറ്റൊരു കൃതിയും കൂടെ രചിച്ചിട്ടുണ്ട്. ഗുരുത്ത്വാകർഷണത്തെ ഇല്ലാതാ ക്കാൻ 50 വാദങ്ങളാണ് ഇയാളിതിൽ കൊണ്ടുവന്നിട്ടുള്ളത്. അപകേന്ദ്രബലം ഇല്ലാതാക്കാനും 12 വാദങ്ങൾ ഇതിൽ മുന്നോട്ടു വെക്കുന്നുണ്ട്. ഇതിനു ശേഷം ഭൂമിയെ നിശ്ചലമാക്കാൻ 43 വാദങ്ങളും. ശാസ്ത്രീയമായ കണ്ടെത്തലുകളെ എതിർക്കാൻ ഇദ്ദേഹം ഇത്രയും കഷ്ടപ്പെട്ടത് കിതാബുകളിലെ മണ്ടൻ പഴങ്കഥകൾ വാസ്തവമാണെന്ന് സ്ഥാപിക്കാനാണ്. നുസൂൽ -എ-ഫുർഖാൻ-ബി-സുകൂന്-എ-സമീൻ-ഓർ ആസ്മാൻ എന്ന കൃതിയിൽ നിന്നും ഏതാനും ഭാഗങ്ങൾ ഇവിടെ ഉദ്ധരിക്കാം.

“ഇസ്ലാമിക മസ്അല പ്രകാരം ആകാശവും ഭൂമിയും അതിൻ്റേതായ അച്ചുതണ്ടുകളിൽ നിലനിൽക്കുന്നതാണ്. അല്ലാഹുതആല പറയുന്നു: [إِنَّ اللَّهَ يُمْسِكُ السَّمَاوَاتِ وَالْأَرْضَ أَن تَزُولَا ۚ وَلَئِن زَالَتَا إِنْ أَمْسَكَهُمَا مِنْ أَحَدٍ مِّن بَعْدِهِ ۚ إِنَّهُ كَانَ حَلِيمًا غَفُورًا] “നിശ്ചയം അല്ലാഹു ആകാശഭൂമികൾ വ്യതിചലിക്കാതെ പിടിച്ചുനിർത്തുന്നു. ഇനി അവ നീങ്ങിപ്പോവുകയാണെങ്കിൽ അവനല്ലാതെ മറ്റാർക്കും പിടിച്ചു വെക്കാനുമാകില്ല. തീർച്ചയായും അവൻ ഏറെ സഹിഷ്ണുവും പൊറുക്കുന്നവനുമാണ്”. (ഖുർആൻ 35:41)” ……… “ഖുർആനിൽ പറയപ്പെടുന്നതിൻ്റെ വ്യാഖ്യാനങ്ങൾ സ്വഹാബാക്കളും അവരെ നേരിട്ട് പിന്തുടർന്ന പിൻമുറക്കാരും (تابع താബിഉകൾ) വ്യാഖ്യാന പണ്ഡിതൻമാരും നമുക്ക് വിവരിച്ചു തന്നത് ഇപ്രകാരമാണല്ലോ. പിന്നെങ്ങിനെയാണ് നാം അവയെ എതിർക്കുന്നതും ശാസ്ത്രീയമായ കണ്ടെത്തലുകളുടെ പിൻ ബലത്തിൽ സ്വന്തം അഭിപ്രായങ്ങൾ വ്യാഖ്യാനങ്ങളിൽ ഉൾപ്പെടുത്തുന്നതും? തഫ്സീറിൽ ഇപ്രകാരം കൃത്രിമം കാണിക്കുന്നവർ നരകത്തിൽ അവരുടെ ഇരിപ്പിടം തയ്യാറാക്കി കൊള്ളട്ടെ എന്നാണ് നബി (സ) തങ്ങൾ പറഞ്ഞിട്ടുള്ളത്. മാത്രവുമല്ല, ഹുദൈഫ (റ) നബിതങ്ങളുടെ എല്ലാ രഹസ്യങ്ങളും അറിയുന്ന രഹസ്യ സൂക്ഷിപ്പുകാരനും ഹസ്റത്ത് ഉമർ (റ) ഇസ്ലാമിക റിപ്പബ്ലിക്കിൻ്റെ രണ്ടാം ഖലീഫയുമാണ്. മാത്രമല്ല, അബ്ദുല്ലാഹിബ്നു മസ്ഊദ് നെ കുറിച്ച് അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) പറഞ്ഞിട്ടുണ്ട്: “നിങ്ങൾ ഇബ്നുമസ്ഊദ് പറഞ്ഞ കാര്യങ്ങൾ മുറുകെ പിടിക്കണം. ഒരിക്കൽ നബി തങ്ങൾ പറഞ്ഞു: ഇബ്നുമസ്ഊദ് തൃപ്തിപ്പെട്ട കാര്യങ്ങൾ കൊണ്ട് ഞാനെൻ്റെ സമുദായത്തിന് തൃപ്തിപ്പെടുന്നു. ഇബ്നുമസ്ഊദ് വെറുത്ത കാര്യങ്ങൾ കൊണ്ടെല്ലാം ഞാനും വെറുക്കുന്നു.” ഇബ്നുമസ്ഊദിൻ്റെ ഖുർആനിലുള്ള അഗാധ പാണ്ഡിത്യത്തിലേക്ക് സൂചിപ്പിച്ചുകൊണ്ട് ഒരിക്കൽ നബി (സ) പറഞ്ഞു: നിങ്ങൾ ഖുർആൻ പഠിക്കേണ്ടത് നാല് വ്യക്തികളിൽ നിന്നാണ്. എന്നിട്ട് നബി തങ്ങൾ ആദ്യം ഇബ്നുമസ്ഊദിൻ്റെ പേരു പറഞ്ഞു.”

“നാമിവിടെയുദ്ധരിച്ച രണ്ട് സ്വഹാബാക്കളും വിശ്വസ്തരാണെന്ന് നബി തങ്ങൾ തന്നെ പറഞ്ഞിട്ടുണ്ട് : “ഇബ്നു മസ്ഊദും ഹുദൈഫയും പറയുന്ന കാര്യങ്ങളിൽ നിങ്ങളവരെ സത്യമാക്കണം”. ചുരുക്കത്തിൽ, സഹാബാക്കൾ, അവരെ നേരിട്ട് പിന്തുടർന്ന പിന്മുറക്കാർ, വ്യാഖ്യാന പണ്ഡിതർ എന്നിവരെല്ലാം ഈയൊരു അഭിപ്രായത്തിലൂടെയാണ് സഞ്ചരിച്ചതെന്ന് വ്യക്തമാണ്. കാരണം ഭൂമി നിശ്ചലമാണെന്ന് തെളിയിക്കുന്ന ധാരാളം ഖുർആൻ വചനങ്ങൾ, ഹദീസുകൾ, പണ്ഡിതാഭിപ്രായ യോജിപ്പുകൾ എന്നിവയെല്ലാം നമുക്കുമുന്നിലുണ്ട്. എല്ലാ പണ്ഡിതരും ഇസ്ലാമിക പൊതു ഗ്രന്ഥങ്ങളും ഏതൊരു അർത്ഥമാണ് മുന്നോട്ടു വച്ചിട്ടുള്ളതെന്നു വച്ചാൽ ഭൂമി എല്ലാസമയവും നിശ്ചലവും ഭൂമിക്കു ചുറ്റും സൂര്യൻ വലം വെക്കുന്നതുമാണെന്ന അഭിപ്രായമാണ്. ക്രിസ്ത്യൻ ശാസ്ത്ര രേഖകൾക്ക് പുറമേ വേറെയെവിടെയും ഇതിനെ എതിർക്കുന്ന ഒരഭിപ്രായവും രൂപപ്പെട്ടിട്ടില്ല.*” … … … … … “ചുരുക്കത്തിൽ, സ്വഹാബാക്കളും താബിഉകളും പണ്ഡിതരുമെല്ലാം സൂര്യന് ഉദയവും അസ്തമയവും ഉണ്ടെന്നതിൽ ഏകാഭിപ്രായക്കാരാണ്. അതിനാൽ അവയിൽ സവാൽ രൂപപ്പെടുന്നുണ്ട്. എന്നാൽ ഇതിനെ എതിർക്കുന്നവർ പറയുന്നത് ഉദയവും അസ്തമയവും സവാൽ അല്ലെന്നും മറിച്ച് ദിനേനയുള്ള ചലനമാണെന്നുമാണ്. ഇതിലൂടെ വ്യക്തമാവുന്നത് ദിനേനയുള്ള ചലനം ഭൂമിയുടേതല്ലെന്നും സൂര്യൻ്റേതാണെന്നുമാണ്. കാരണം ഖുർആനിലും ഹദീസിലും അത് വ്യക്തമാണ്. അതിലൂടെ ശാസ്ത്രത്തിൻ്റെ വാദങ്ങൾ തള്ളപ്പെടേണ്ടതും സ്വീകാര്യമല്ലാത്തതുമാകുന്നു. കാരണം യാഥാർഥ്യം ശാസ്ത്രം പറയുന്നത് പോലെ ഭൂമി സൂര്യനെ വലം വെക്കുന്നു എന്നതല്ല, ഖുർആനിലും ഹദീസിലും വ്യക്തമായത് പോലെ സൂര്യൻ ഭൂമിയെ വലം വെക്കുന്നു എന്നതാണ്.”

ഇദ്ദേഹത്തിൻ്റെ കൃതികൾ വിശ്വസിച്ച മുല്ലമാർ മദ്രസകളിൽ ഇപ്പോഴു ഇദ്ദേഹത്തെ ഉദ്ദരിച്ചു കൊണ്ട് മദ്രസ്സകളിൽ വരുന്ന കുട്ടികളുടെ മുന്നിൽ ഇത്തരം അന്തക്കേടുകൾ തട്ടി വിടുന്നുണ്ട്. ഈയിടെ പുറത്തു വന്ന അത്തരം ഒരു വീഡിയോയിൽ മുല്ല കുട്ടികളോട് പറയുന്നത് ഇങ്ങനെയാണ്: “നിങ്ങൾ സ്കൂളിൽ പഠിക്കുന്ന ഭൂമി ശാസ്ത്രം തെറ്റാണ്. ഭൂമി ചലിക്കുന്നില്ല എന്ന് ഖുർആനും ഹദീസും കൊണ്ട് അ’അലാ ഹസ്രത്ത് തെളിയിച്ചിട്ടുണ്ട്.”

വിഡിയോ ഇവിടെ കാണാം.

ഇങ്ങനെയൊക്കെ തിരുമണ്ടത്തരങ്ങൾ എഴുന്നള്ളിച്ച ശേഷം ശാസ്ത്രലോകത്തിനൊന്നും ഒരു അന്തവും കുന്തവും ഇല്ല എന്ന് വലിയ വായിൽ വിളമ്പുന്നുണ്ട് നമ്മുടെ കഥാ പുരുഷൻ തൻ്റെ fauz-e-mubeen dar radd-e-harkat-e-zameen എന്ന കൃതിയിൽ. നമുക്ക് അദ്ദേഹത്തിൻ്റെ കുറച്ച് ബഡായികൾ ആസ്വദിക്കാം. “ആധുനിക വാനശാസ്ത്രജ്ഞരുടെ മൊത്തം കഴിവുകളും ഗണിതത്തിലും ജ്യാമിതിയിലുമാണ്. പക്ഷെ യുക്തിയിൽ അവരുടെ കഴിവുകൾ പൂജ്യത്തിനടുത്തോ പൂജ്യമോ ആണ്. അവർ യുക്തിപരമായ സമീപനമില്ലാത്തവരും ചർച്ചകളുടെയും സംവാദങ്ങളുടെയും മര്യാദയും അറിയാത്തവരുമാണ്. ഒരു വാളും തലയുമില്ലാതെ അടിസ്ഥാനവുമില്ലാതെ, അവരുടെ വിശ്വാസ നായകർ പറയുന്നത് അനുസരിച്ച്, അവരുടെ വാദങ്ങളും മുൻ ധാരണകളും അംഗീകൃത തത്വങ്ങൾ ആണെന്ന് ധരിച്ച് പ്രസ്താവങ്ങൾ നടത്തുകയും ചെയ്യുന്നു. അവർ നേരിട്ട് കണ്ടത് പോലെ ആത്മവിശ്വാസത്തോടെ അവരുടെ വാദങ്ങളിൽ അവർ ഉറച്ച് നിൽക്കുകയും ചെയ്യുന്നു. നിങ്ങൾ മികച്ച തെളിവുകൾ നിരത്തിയാലും അവരതു ശ്രദ്ധിക്കില്ല. അവരതു ശ്രദ്ധിച്ചാലും അവരതു മനസ്സിലാക്കാൻ ശ്രമിക്കുകയില്ല. അവർക്കു മനസ്സിലായാലും അവരതു ശ്രദ്ധിക്കുകയേ ഇല്ല. അവർ മനസ്സിലായാലും സമ്മതിക്കുകയുമില്ല. അവർ അകമേ സമ്മതിച്ചാലും അവരുടെ അഹന്ത അവരെ ഒരിഞ്ചും മാറാൻ അനുവദിക്കില്ല.”

ഇത്രയ്ക്കു കോൺഫിഡൻസ് ശോഭരാജിൽ പോലും കണ്ടിട്ടില്ലെങ്കിലും ശുഐബുൽ ഹൈത്തമിയിൽ കണ്ടിട്ടുണ്ട്‌. കഴിഞ്ഞ ഏതാനും വർഷങ്ങളായി യുക്തിവാദികളെ വെല്ലുവിളിച്ചു കൊണ്ടിരിക്കുന്ന ഇസ്‌ലാമിക പണ്ഡിതനാണിദ്ദേഹം. യുക്തിവാദികളെ നേരിടാൻ വേണ്ടി സമസ്ത സുന്നികൾ ഉണ്ടാക്കിയ സംഘത്തിൻ്റെ തലവൻ. യുക്തിവാദത്തെ കുറിച്ചുള്ള ഒരു പഠന ക്ലാസ്സിൽ അദ്ദേഹം വിശദീകരിക്കുന്നു: “അരിസ്റ്റോട്ടിൽ സത്യവും പറഞ്ഞു, കളവും പറഞ്ഞു. ഭൂമി പരന്നിട്ടാണ് എന്ന് അരിസ്റ്റോട്ടിൽ കളവു പറഞ്ഞു. സ്ത്രീകൾക്ക് പല്ലിന്റെ എൻ്റെ എണ്ണം കുറവാണ് എന്ന് അരിസ്റ്റോട്ടിൽ സത്യം പറഞ്ഞു. സ്ത്രീകളുടെ താടിയെല്ല് ചെറുതാണ്. അതുകൊണ്ടു ചെറിയ താടിയെല്ലിൽ കുറച്ച് പല്ലേ ഉൾക്കൊള്ളൂ. ഇതൊരു നദ്ർ ഇസ്തിദിലാൽ ആണ്.”

വീഡിയോ കാണാം.

ഭൂമിയുടെ ചലനത്തെക്കുറിച്ച ഖുർആൻ പരാമർശങ്ങൾ വായിച്ചു മണ്ടത്തരം എഴുന്നള്ളിക്കുന്നവരുടെ കൂട്ടത്തിൽ ഇനി നമുക്ക് ഇപ്പോഴും ജീവിച്ചിരിക്കുന്ന സൗദിഅറേബ്യൻ മതപണ്ഡിതനായ ഷെയ്ഖ് ബന്ദർ അൽഖൈബരി UAE യിൽ ഒരു യൂണിവേഴ്സിറ്റിയിലെ കുട്ടികൾക്ക് മുന്നിൽ നടത്തിയ പ്രഭാഷണത്തിൽ നിന്നുള്ള രംഗം ഒന്ന് നോക്കാം-

ചോദ്യം: “ഭൂമി കറങ്ങുന്നുണ്ടോ അതോ നിശ്ചലമാണോ?”

മറുപടി: വിവിധ ഖുർആൻ വചനങ്ങൾ ഉദ്ധരിച്ച ശേഷം അദ്ദേഹം പറയുന്നത് “സത്യത്തിൽ, നമ്മുടെ ഉലമാക്കളായ ഇമാം ഇബ്നു ബാസും ഷെയ്ഖ് സാലിഹ്‌ അൽ ഫൗസാനും വിശദീകരിച്ച പോലെ ഭൂമി നിശ്ചലമാണ്. അതാണ് ഖുർആനിൽ നിന്നു കിട്ടുന്നതും.കൂടാതെ അതിനാണ് യുക്തിസഹമായ തെളിവുള്ളതും.” എന്നാണ്. ഇത്രയും നിഷ്കളങ്കമായി വിശദീകരിച്ച ശേഷം ആ സാധു ചോദിക്കുന്നു: “ഭൂമി കറങ്ങുന്നു എങ്കിൽ ഷാർജയിൽ നിന്നു പുറപ്പെടുന്ന വിമാനം എങ്ങനെ ചൈനയിൽ എത്തും?? എന്താ ശരിയല്ലേ?”

ആരായിരുന്നു ഇദ്ദേഹം ഉദ്ധരിച്ച ഷെയ്ഖ് ഇബ്നു ബാസ്? 1993 മുതൽ 99 വരെ സൗദി അറേബ്യയിലെ ഗ്രാൻഡ് മുഫ്തി. മുതിർന്ന മതപണ്ഡിതരുടെ കൗൺസിൽ തലവൻ. Constituent Assembly of the Muslim World League അധ്യക്ഷൻ. ഇസ്ലാമിന് നൽകിയ സേവനങ്ങളുടെ പേരിൽ 1981 ഇലെ കിങ് ഫൈസൽ അവാർഡ് ജേതാവ്. ഇങ്ങനെ ധാരാളം സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുള്ള ആളായിരുന്നു അദ്ദേഹം. ഇനി നോക്കാനുള്ളത് ആരാണ് അദ്ദേഹം രണ്ടാമത് ഉദ്ധരിച്ച ഷെയ്ഖ് സാലിഹ് അൽഫൗസാൻ എന്നാണ്. Member of Council of Senior Scholars. Member of the Permanent Committee for Islamic Research and Issuing Fatwas എന്നീ സ്ഥാനങ്ങൾ അലങ്കരിച്ച ആൾ. എന്ന് ശ്രീ ശാക്കിർ നായിക്ക് വിശേഷിപ്പിച്ച മഹാ പണ്ഡിതൻ

(തുടരും)

Leave a comment

  1. Good write-up, I am normal visitor of one?¦s website, maintain up the nice operate, and It is going to be a regular visitor for a lengthy time.