Skip links

മുസ്ലിം പിന്നാക്കാവസ്ഥയും ഇസ്ലാം മതവും – ഭാഗം മൂന്ന്: അക്ഷരവിരോധം

ഗസ്സാലിയ്യാക്കൾ അറിവിനോടുള്ള വിരോധത്തിൻ്റെ സംസ്ഥാപനം നടത്തിയ കാര്യം നമ്മൾ മുൻ ലേഖനങ്ങളിൽ ചർച്ച ചെയ്യുകയുണ്ടായല്ലോ. സുവർണ്ണ കാല ചിന്തകൾക്കെതിരെ അശ്അരി തുടങ്ങിയ പടയോട്ടം അഹ്ലുസ്സുന്നക്കാർ തുടരുകയും അതിൻ്റെ പൂർത്തീകരണം നടത്തി ഗസ്സാലി അവയെ കുഴിച്ചു മൂടുകയും ചെയ്തതിൽ പിന്നെ ഇസ്‌ലാമിക ലോകത്തു നിന്ന് ഒരു ശാസ്ത്രകാരനും ഉണ്ടായി വന്നില്ല എന്നത് ചരിത്രം. മത ബാഹ്യമായ ഗ്രീക്ക് ചിന്തകൾ ഇസ്ലാമിക ലോകത്ത് പ്രവേശിച്ചതിൻ്റെ വെളിച്ചമായിരുന്നു ഇസ്ലാമിക സുവർണ്ണ കാലം. മതപരതയിലേക്കും ഹദീസും ഖുർആനും ഉയർത്തിപ്പിടിച്ച ആശയത്തിലേക്കും അഹ്ലുസ്സുന്നക്കാർ മുസ്ലിം ലോകത്തെ തിരിച്ചു നടത്തിയതോടെ ആ ദീപമണഞ്ഞു. ഇസ്‌ലാമിക ലോകം കടന്നു വന്ന വിപ്ലവങ്ങളെല്ലാം തിരികെ നടന്നു. മതപരമായ കാരണങ്ങളുയർത്തിക്കാണിച്ച് വിദ്യാഭ്യാസത്തിൽ നിന്നും ഭക്‌ത ജനങ്ങളെ പിന്തിരിപ്പിക്കുന്ന ഗസ്സാലിയൻ മാതൃക ഇസ്ലാമിക പുരോഹിത ലോകം പിന്തുടർന്നതിൻ്റെ ഏതാനും ചില ഉദാഹരണങ്ങളാണ് നാമിനി ചർച്ച ചെയ്യുന്നത്.

ആധുനിക വിദ്യാഭ്യാസത്തിൽ നിന്ന് മുസ്ലിംകളെ പിന്തിരിപ്പിക്കുന്നതിൻ്റെ ന്യായീകരണമായി ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് 1921 ഇൽ ഇറക്കിയ ഒരു ഫത്വയിൽ പറഞ്ഞ കാര്യങ്ങൾ ഇവിടെ ഉദ്ധരിക്കാം. ദയൂബന്ദ് ചിന്താധാരയിൽ പെട്ട 120 പുരോഹിതന്മാർ ചേർന്ന് ഒപ്പിട്ട തർക്കേ മുവലാത്ത് എന്നറിയപ്പെട്ട ഫത്വയിൽ സർക്കാർ വിദ്യാഭ്യാസം മുസ്ലിംകൾ നിരാകരിക്കേണ്ടതിനുള്ള ന്യായങ്ങളിൽ പറയുന്ന ചില കാര്യങ്ങളാണിവിടെ കുറിക്കുന്നത്..

“പൂർണമായോ ഭാഗികമായോ ഗവൺമെന്റിന് കീഴിലുള്ള മദ്രസകളിൽ നിന്നോ കോളേജുകളിൽ നിന്നോ സ്കൂളുകളിൽ നിന്നോ വിദ്യ അഭ്യസിക്കുന്നത് ബഹിഷ്കരിക്കുന്നതിനുള്ള കാരണങ്ങൾ:
1) മുവാലാത്തിൻ്റെ പരിധിയിൽ വരുന്ന, ഒന്നുകിൽ ഗവൺമെന്റിനെ സേവിക്കുക അല്ലെങ്കിൽ നിയമജ്ഞനായി മാറുക എന്നതാണ് ഈ വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം.
2) ഈയൊരു പാപത്തിന് പുറമേ ഭൗതിക കാര്യങ്ങളോടുള്ള താല്പര്യത്തെ പ്രബലമാക്കുക, ബഹുമതികൾ പ്രിയം വയ്ക്കുക, ഇച്ഛകളോടുള്ള ആരാധന, മതത്തോടുള്ള അവഗണനയും അശ്രദ്ധയും തുടങ്ങിയ പാപങ്ങളിലേക്ക് കൂടി ഈ വിദ്യാഭ്യാസവും പരിശീലനവും നയിക്കുന്നതാണ്. ഇതെല്ലാം നിഷിദ്ധമാണെന്നിരിക്കെ പാപത്തിലേക്കുള്ള മാർഗ്ഗങ്ങളും പാപമാണെന്ന തത്വമനുസരിച്ച് ഇത്തരം വിദ്യാഭ്യാസം നേടുന്നതിൽ നിന്നും നൽകുന്നതിൽ നിന്നും വിട്ടുനിൽക്കൽ മുസ്ലിമിന് നിർബന്ധമാണ്.
3) മുസ്ലിമിൻ്റെ നിർബന്ധമായ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിന് കോളേജുകളിലെയും സ്കൂളുകളിലെയും കോഴ്സുകൾ തികഞ്ഞ പരാജയമാണ്. അതുപോലെ ഒരു മുസ്ലിമിന് അത്യന്താപേക്ഷിതമായ അത്യാവശ്യ മതവിദ്യാഭ്യാസം നിലവിലെ വ്യവസ്ഥിതിയിൽ പൊതുവേ അസാധ്യമാണ്.
4) ഗവൺമെന്റിന് കീഴിൽ പൂർണമായോ ഭാഗികമായോ അല്ലെങ്കിൽ അതിൻ്റെ വ്യവസ്ഥയോട് താദാത്മ്യം പ്രാപിച്ചിട്ടുള്ളതോ ആയ അറബിക് മദ്രസകളിൽ മുകളിൽ പറഞ്ഞ എല്ലാ പാപങ്ങൾക്കും പുറമേ, ശരീഅത്തിൻ്റെ കാഴ്ചപ്പാടിൽ നിഷിദ്ധമായ ഭൗതികനേട്ടങ്ങൾ ലക്ഷ്യംവച്ചുള്ള മതവിദ്യാഭ്യാസമാണ് ആർജ്ജിക്കപ്പെടുന്നത്. അപ്രകാരം തന്നെ ഇത്തരം സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകൻമാരും നിഷിദ്ധമായ കാര്യം ചെയ്യുന്നതിലൂടെ ഇരട്ട പാപമാണ് പേറുന്നത്. ദൈവം അത്തരം കാര്യങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കുമാറാകട്ടെ.”

ആധുനിക വിദ്യാസത്തോട് ഇസ്ലാമിക സമൂഹം സ്വീകരിച്ച സമീപനമാണ് ഇതിൽ തെളിഞ്ഞു കാണുന്നത്. വിദ്യാഭാസം നിരോധിക്കാൻ ഇവിടെ ഇസ്ലാമിക പുരോഹിതർ നിരത്തിയ ന്യായങ്ങളെല്ലാം മതപരമാണ്. പിഴച്ചു പോവാൻ സാധ്യതയുള്ളതിനാൽ ഗണിതത്തിൽ വ്യാപൃതരാവുന്നവരെ അതിൽ നിന്നും തടയണമെന്ന ഗസ്സാലിയൻ സിദ്ധാന്തത്തോട് യോജിച്ചു നിൽക്കുന്ന നിലപാട് തന്നെയാണ് ദയൂബന്ദി പുരോഹിതരും അറിവിനോടുള്ള സമീപനത്തിൽ സ്വീകരിച്ചതെന്ന് ഇതിൽ നിന്നും വ്യക്തമാണല്ലോ. ബറേൽവികളും സമസ്ത മതക്കാരും അടക്കമുള്ള സുന്നികൾ ഒരു പടി കൂടെ കടന്നു ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണ്, ഇംഗ്ലീഷ് പഠിക്കൽ ഹറാമാണ് എന്നൊക്കെ പറയുന്നിടം വരെ എത്തി കാര്യങ്ങൾ. ഇസ്‌ലാമിൻ്റെ വകയല്ലാത്ത അറിവുകളോടുള്ള ഇവരുടെ വൈരം ഇംഗ്ലീഷ് ഹറാം ആക്കുന്നതിലും ഒതുങ്ങി നിന്നില്ല. മലയാളത്തെ പോലും ആര്യനെഴുത്തതാണ് എന്ന്‌ പറഞ്ഞു കൊണ്ട് അകറ്റി നിർത്തിയതിൻ്റെ പാപക്കറയൊന്നും എത്ര കനത്തിൽ പുട്ടിയിട്ടു മിനുക്കി പെയിൻ്റ് ചെയ്താലും മാഞ്ഞു പോവില്ല.

ഇനി നമുക്ക് സ്ത്രീകളുടെ വിദ്യാഭ്യാസത്തോടുള്ള ഇസ്ലാമിൻ്റെ സമീപനം പരിശോധിക്കാം. സ്ത്രീകളെ ചൊൽപ്പടിക്ക് നിർത്തലാണ് സമൂഹത്തിൻ്റെ പുരോഗതിയെ തടസപ്പെടുത്തനുള്ള ഏറ്റവും നല്ല മാർഗ്ഗമെന്നു എല്ലാ മതക്കാരെയും പോലെ ഇസ്ലാം മത സ്ഥാപകനും പുരോഹിതരും അന്നേ തിരിച്ചറിഞ്ഞിരുന്നു. കാരണം കുട്ടികളെ വളർത്തുന്നതിൽ മുഖ്യ പങ്കാളിത്തം വഹിച്ചിരുന്നതും വഹിക്കുന്നതും സാധാരണ ഗതിയിൽ സ്ത്രീകളാണല്ലോ. സ്ത്രീകളെ അറിവിൻ്റെ മേഖലകളിൽ നിന്നകറ്റിനിർത്തി അന്ധവിശ്വാസങ്ങളിൽ തളച്ചിട്ടാൽ ചെറു പ്രായത്തിൽ തന്നെ മതാന്ധത ഇളം മനസ്സിൽ കുത്തി വെക്കാൻ സ്ത്രീകൾക്കാവുമല്ലോ. സ്ത്രീകളിലൂടെ മതാന്ധത കുട്ടികളിലേക്ക് പകർന്നു കൊണ്ടേയിരുന്നാൽ മതം ഒരു മഹാവ്യാധിയായി കൂടുതൽ കാലം നിലനിൽക്കാൻ കരുത്തുള്ള ഒരു sexually transmitted disease ആണ്. അതുകൊണ്ടാണ് മൊത്തം ജനതയെയും വിദ്യാഭ്യാസത്തിൽ നിന്ന് പൊതുവെ അകറ്റി നിർത്തിയതിനു പുറമെ സ്ത്രീ ജനങ്ങളെ പ്രത്യേകമായി തന്നെ അകറ്റി നിർത്തിയത്. സ്ത്രീകളെ അറിവുകളിൽ നിന്നും തൊഴിലിടങ്ങളിലിൽ നിന്നും സാമൂഹികമായ എല്ലാ ഇടപഴകലുകളിൽ നിന്നും അകറ്റി നിർത്തി അവരെ ഒരു പേറ്റുപകരണവും ഭർത്താവിൻ്റെയോ ഉടമസ്ഥൻ്റെയോ കാമ പൂർത്തീകരണ യന്ത്രവുമാക്കുക എന്നതാണ് ഇസ്ലാം മുന്നോട്ടു വെക്കുന്ന നയം. പെൺകുട്ടികളോടുള്ള രക്ഷിതാക്കളുടെ കടമകളിൽ ഒന്നാമതായി ഗസ്സാലി എണ്ണുന്നത് അവരെ ഭർത്താവിനോട് വർത്തിക്കേണ്ട രീതികൾ പഠിപ്പിക്കുക എന്നാണ്. ഭർത്താവ് ആവശ്യപ്പെട്ടാൽ ഏതു സമയവും തൻ്റെ ശരീരം അവൻ്റെ കാമ പൂർത്തീകരണത്തിനായി വഴങ്ങിക്കൊടുക്കാൻ തയ്യാറായി നിൽക്കുക എന്നതാണ് സ്ത്രീയുടെ ഏറ്റവും വലിയ കർത്തവ്യമായി ഇസ്ലാം പഠിപ്പിക്കുന്നത്. സ്ത്രീ വിദ്യാഭ്യാസ വിഷയത്തിലെ അറുപിന്തിരിപ്പൻ നിലപാടുകളാണ് നാമിനിയിവിടെ ചർച്ച ചെയ്യാൻ പോവുന്നത്. വിശ്വ പ്രസിദ്ധ ഇസ്‌ലാമിക പുരോഹിതനും ഇസ്ലാമിലെ ഏറ്റവും പ്രധാന ചിന്താധാരകളിൽ ഒന്നായ ഷാഫി സരണിയുടെ ആധികാരിക ശബ്ദവുമായ ഇബ്നു ഹജറുൽ ഹൈത്തമി മുഹമ്മദിൻ്റെ വചനങ്ങൾ ഉദ്ധരിച്ചു കൊണ്ട് സ്ത്രീകളെ കയ്യെഴുത്ത് പഠിപ്പിക്കൽ കറാഹത്താണെന്ന് (ഉപേക്ഷിച്ചാൽ ഗുണമുള്ളത്) എന്ന് ഫത്വ പുറപ്പെടുവിച്ചിട്ടുണ്ട്. അയാളുടെ ഫത്താവൽ ഹദീസിയ എന്ന വിശ്വ വിഖ്യാത ഫത്വാ സമാഹാരത്തിൽ നിന്നും ഉദ്ധരിക്കാം.

يكره تعليم النساء الكتابة الخ
وسئل رحمه الله تعالى : ما حكم تعليم النساء الكتابة ففي وسيط الواحدي أول سورة النور ما يدل على عدم الاستجباب هل هو صحيح أو ضعيف ؟ .
فأجاب بقوله : هو صحيح ، فقد روى الحاكم وصححه عن البيهقي عن عائشة رضي الله عنها أن النبي صلى الله عليه وسلم قال : ” لا تنزلوهن في الغرف ولا تعلموهن الكتابة ” يعني النساء ” وعلموهن الغزل وسورة النور ” أي لما فيها من الأحكام الكثيرة المتعلقة بهن المؤدي حفظها وعلمها إلى غاية حفظهن عن كل فتنة وريبة كما هو ظاهر لمن تدبرها . وروى الحكيم الترمذي عن ابن مسعود رضي الله عنه أن النبي صلى الله عليه وسلم قال : ” لا تسكنوا نساءكم الغرف ولا تعلموهن الكتابة ” . وأخرج الترمذي الحكيم عن ابن مسعود أيضا رضي الله عنه أنه صلى الله عليه وسلم قال : ” مر لقمان على جارية في الكتاب فقال لمن يصقل هذا السيف ” أي حتى يذبح به ، وحينئذ فيكون فيه إشارة إلى علة النهي عن الكتابة ، وهي أن المرأة إذا تعلمتها توصلت بها إلى أغراض فاسدة ، وأمكن توصل الفسقة إليها على وجه أسرع وأبلغ وأخدع من توصلهم إليها بدون ذلك ؛ لأن الإنسان يبلغ بكتابته في إلى غير ما لم يبلغه برسوله ؛ ولأن الكتابة أخفى من الرسول فكانت أبلغ في الحيلة وأسرع في الخداع والمكر ، فلأجل ذلك صارت المرأة بعد الكتابة كالسيف الصقيل الذي لا يمر على شيء إلا قطعه بسرعة ، فكذلك هي بعد الكتابة تصير لا يطلب منها شيء إلا كان فيها قابلية إلى إجابته إليه على أبلغ وجه وأسرعه ، ثم ما مر من الأحاديث يخصص حديث ابن النجار عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال : “إن حق الولد على والده أن يعلمه الكتاب – أي الكتابة – وأن يحسن اسمه وأن يزوجه إذا بلغ ” فقوله ” أن يعلمه الكتاب ” أي الكتابة خاص بالولد الذكر .
واعلم أن النهي عن تعليم النساء للكتابة لا ينافي طلب تعليمهن القرآن والعلوم والآداب ؛ لأن في هذه مصالح عامة من غير خشية مفاسدة تتولد عليها بخلاف الكتابة فإنه وإن كان فيعا مصالح إلا أن فيها خشية مفسدة ودرء المفاسد مقدم على جلب المصالح . وأخرج أبو نصر عبد الكريم الشيرازي في فوائده والديلمي وابن النجار عن علي كرم الله وجهه أن النبي صلى الله عليه وسلم قال : ” أدبوا أولادكم على ثلاث خصال : حب نبيكم ، وحب أهل بيته ، وقراءة القرآن ، فإن حملة القرآن في ظل الله يوم لا ظل إلا ظله مع أنبيائه وأصفيائه ” .
فإن قلت : أخرج أبو داود عن الشفاء بنت عبد الله قالت : دخل عَلَيَّ النبي صلى الله عليه وسلم وأنا عند حفصة فقال لي : ” علميها رقية النملة كما علمتيها الكتابة ” وهذا يدل على تعليم النساء الكتابة .
قلت : ليس فيه دلالة على طلب تعليمهن الكتابة ، وإنما فيه دليل على جواز تعليمهن الكتابة ونحن نقول به وإنما غاية الأمر فيه أن النهي عنه تنزيها لما تقرر من المفاسد المترتبة عليه ، والله سبحانه أعلم .

അതിൻ്റെ ആശയ പരിഭാഷ ഇങ്ങനെ സംഗ്രഹിക്കാം.

സ്ത്രീകളെ എഴുത്ത് മുതലായവ പഠിപ്പിക്കുന്നത് നിരുത്സാഹപ്പെടുത്തപ്പെട്ടതാണ്

ഇബ്നു ഹജർ ചോദിക്കപ്പെട്ടു: സ്ത്രീകളെ എഴുത്ത് പഠിപ്പിക്കുന്നതിൻ്റെ വിധി എന്താണ്? സ്ത്രീകളെ എഴുത്ത് പഠിപ്പിക്കൽ അനുവദനീയമല്ലെന്ന് വാഹിദിയുടെ വസീഥ്വിൽ സൂറത്തുന്നൂറിൻ്റെ ആദ്യത്തിലുണ്ട്. അത് സ്വഹീഹ് ആണോ ളഈഫ് ആണോ?

അദ്ദേഹം മറുപടി പറഞ്ഞു: അത് സ്വഹീഹ് ആണ്. ആയിഷയെ തൊട്ടു ഹാക്കിം ഇപ്രകാരം റിപ്പോർട്ട് ചെയ്യുകയും ബൈഹഖി സ്വഹീഹ് ആണെന്ന് പറയുകയും ചെയ്തിരിക്കുന്നു: നിശ്ചയം നബി പറഞ്ഞു: സ്ത്രീകളെ മാളിക മുകളിൽ താമസിപ്പിക്കരുത്, അവർക്ക് എഴുത്ത് പഠിപ്പിക്കുകയും ചെയ്യരുത്. അവരെ തുന്നലും സൂറത്തുന്നൂറും പഠിപ്പിക്കുക. ചിന്തിക്കുന്നവർക്ക് പെട്ടെന്ന് മനസ്സിലാവുന്നത് പോലെ, സ്ത്രീകൾ അത് പഠിക്കുകയും മനഃ പാഠമാക്കുകയും ചെയ്താൽ സംശയങ്ങളിൽ നിന്നും നാശങ്ങളിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി വിധികൾ അതിലുണ്ട്. ഇബ്നു മസ്ഊദിനെ തൊട്ട് തുർമുദി ഉദ്ധരിച്ചിരിക്കുന്നു: അദ്ദേഹം പറഞ്ഞു: നബി പറഞ്ഞു: സ്ത്രീകളെ മാളിക മുകളിൽ താമസിപ്പിക്കരുത്, അവരെ എഴുത്തു പഠിപ്പിക്കുകയും ചെയ്യരുത്. ഇബ്നു മസ്ഊദിനെ തൊട്ട് തുർമുദി ഉദ്ധരിച്ചിരിക്കുന്നു: അദ്ദേഹം പറഞ്ഞു: നബി പറഞ്ഞു: ലുഖ്‌മാൻ വേദക്കാരികളിൽ നിന്നുള്ള ഒരു ദാസിയുടെ അടുത്ത് വന്നു ചോദിച്ചു: ആരാണ് ഈ വാൾ മൂർച്ച കൂട്ടുക? അതുകൊണ്ട് അവരുടെ കൈ മുറിഞ്ഞു. സ്ത്രീകളെ എഴുത്ത് പഠിപ്പിക്കുന്നത് വിലക്കുന്നതിൻ്റെ കാരണത്തിലേക്കുള്ള സൂചന ഇതിലുണ്ട്. അത് ഇതാണ്. സ്ത്രീകളെ അത് പഠിപ്പിച്ചാൽ അതവരുടെ നാശത്തിലേക്ക് എത്തിച്ചേരും. എഴുത്ത് പഠിക്കാത്തവരിലേക്ക് എത്തുന്നതിനേക്കാൾ എളുപ്പത്തിൽ എഴുത്ത് പഠിച്ചവരിലേക്ക് കൂടുതൽ ഗ്രാഹ്യവും വഞ്ചനാത്മകവുമായ മാർഗ്ഗത്തിലൂടെ തെമ്മാടിത്തരങ്ങൾ എത്തിച്ചേരും. കാരണം മനുഷ്യന് ദൂതൻ വഴി എത്തുന്നതിനേക്കാൾ വിവരങ്ങൾ എഴുത്തിലൂടെ എത്തിച്ചേരും. കാരണം, എഴുത്ത് ദൂതനെക്കാൾ രഹസ്യ സ്വഭാവമുള്ളതും ചതികളും സൂത്രങ്ങളും ഉള്ളതും വേഗതയുള്ളതുമാണ്. ഇക്കാരണത്താൽ, എഴുത്ത് പഠിച്ച സ്ത്രീ, പെട്ടന്ന് മുറിക്കുക എന്നതല്ലാത്ത ഒരു കാര്യവുമില്ലാത്ത മൂർച്ച കൂട്ടിയ ഒരു വാള് പോലെയാണ്. അപ്രകാരം തന്നെ, എഴുത്ത് പഠിച്ചാലും, വളരെ പെട്ടെന്ന് തന്നെ നേരെ ഉത്തരം പറയാവുന്ന കാര്യങ്ങളല്ലാതെ അവൾ ഒന്നും ചോദിക്കപ്പെടാറുമില്ല. അബൂ ഹുറൈറയിൽ നിന്ന് ഇബ്നു നജ്ജാർ ഉദ്ധരിച്ച ഹദീസ്: ഒരു പിതാവിൽ നിന്ന് പുത്രൻ്റെ അവകാശം അവനെ കിതാബ് – എഴുത്ത്- പഠിപ്പിക്കുകയും അവനു നല്ല പേരിടുകയും പ്രായപൂർത്തി ആയാൽ കല്യാണം കഴിപ്പിക്കുകയും ചെയ്യുക എന്നതാണ്. അവനെ എഴുത്ത് പഠിപ്പിക്കുക എന്ന വചനം പുരുഷ സന്താനത്തിനു മാത്രം പ്രത്യേകമായുള്ളതാണ്. അറിയുക, സ്ത്രീകളെ എഴുത്ത് പഠിപ്പിക്കുന്നതിനുള്ള വിരോധം അവരെ ഖുർആനും സാഹിത്യവും അറിവുകളും പഠിപ്പിക്കുന്നതിന് ബാധകമല്ല. കാരണം, അവകളിൽ എഴുത്തിൽ നിന്ന് ഭിന്നമായി, അതിലൂടെയുള്ള നാശം ഭയപ്പെടാതെ പൊതുവായ നന്മകൾ ഉണ്ട്. എഴുത്തിൽ ചില നന്മകൾ ഒളൊക്കെയുണ്ടെങ്കിലും നാശം ഭയപ്പെടുന്നുണ്ട്. നാശം തടയുക എന്നതാണ് നന്മകളേക്കാൾ മുഖ്യം. അബൂ നസ്ർ അബ്ദുൽകരീം ശീറാസി തൻ്റെ ഫുവാഇദിലും ദൈലമിയും ഇബ്നു നജ്‌ജാറും അലിയെ തൊട്ട് ഉദ്ദരിച്ചിരിക്കുന്നു: നബി പറഞ്ഞു: നിങ്ങളുടെ സന്താനങ്ങളെ നിങ്ങൾ മൂന്നു ഗുണങ്ങൾ പഠിപ്പിക്കുക: നിങ്ങളുടെ നബിയോടുള്ള സ്നേഹവും അഹ്ലു ബൈത്തിനോടുള്ള സ്നേഹവും ഖുർആൻ പാരായണവും. കാരണം, ഖുർആൻ പഠിച്ചവർ അല്ലാഹുവിൻ്റെ തണലല്ലാത്ത തണലില്ലാത്ത നാളിൽ അവൻ്റെ പ്രവാചകന്മാരുടെയും പുണ്യാത്മാക്കളുടെയും കൂടെ അല്ലാഹുവി ൻ്റെ തണലിലായിരിക്കും. “ഞാൻ ഹഫ്സയുടെ അടുത്തിരിക്കുമ്പോൾ നബി എൻ്റെയടുത്തേക്ക് കടന്നുവരികയും ഇപ്രകാരം പറയുകയും ചെയ്തു: നീ അവളെ എഴുത്ത് പഠിപ്പിച്ചതു പോലെ നംലത്തിൻ്റെ മന്ത്രം പഠിപ്പിക്കുക” എന്ന അബൂ ദാവൂദ് ഉദ്ദരിച്ച ഹദീസ് സ്ത്രീകളെ എഴുത്ത് പഠിപ്പിക്കുന്നതിന് തെളിവാണ് എന്ന് പറയപ്പെട്ടാൽ നീ പറയുക: ഞാൻ പറയുന്നു: അതിൽ പെൺകുട്ടികളെ എഴുത്ത് പഠിപ്പിക്കണം എന്നതിന് തെളിവില്ല. നിശ്ചയം അതിൽ സ്ത്രീകളെ എഴുത്ത് പഠിപ്പിക്കൽ അനുവദനീയമാകാമെന്നതിൽ തെളിവുണ്ട്. അതുകൊണ്ട് ഞാൻ പറയുന്നു: സ്ത്രീകളെ എഴുത്ത് പഠിപ്പിക്കുന്നതിൽ നിന്നുള്ള തിന്മകളെ പരിഗണിച്ചാണ് അത് വിരോധിക്കുന്നത്.”

ആറാം നൂറ്റാണ്ടിലെ മുഹമ്മദിൻ്റെ വചനങ്ങൾ അപ്പടി വിഴുങ്ങിയ ഇബ്നു ഹജറിൻ്റെ പാത പിന്തുടർന്ന് കൊണ്ട് സമസ്തക്കാർ ഇരുപതാം നൂറ്റാണ്ടിൽ പോലും സ്ത്രീകളെ എഴുത്ത് പഠിക്കുന്നതിൽ നിന്നും വിലക്കി. അത്തരത്തിൽ പെട്ട കുപ്രസിദ്ധമായ ചില ഫത്വകളും സമസ്തയുടെ ഔദ്യോഗിക പ്രമേയങ്ങളും നമുക്കൊന്നു വായിക്കാം. ആറാം നൂറ്റാണ്ടിലുദയം ചെയ്ത ഈ അതിമാരക വിഷ ചിന്തയുടെ പ്രഹര ശേഷിയുടെ ആഴം മനസ്സിലാക്കാനാണിത്. 1930 മാർച്ച് 16ന് മണ്ണാർക്കാട് വെച്ച് വെള്ളാനിക്കര മുഹമ്മദ് മുസ്ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന സമസ്തയുടെ നാലാം വാർഷിക മഹാ സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളിൽ പ്രധാനമായതാണ് മുസ്ലിം സ്ത്രീകൾക്ക് കൈയ്യെഴുത്ത് പഠിപ്പിക്കൽ നിഷിദ്ധമാക്കിയ പ്രമേയം.“സ്ത്രീകൾക്ക് കൈയെഴുത്ത് പഠിപ്പിക്കൽ ശറഇൽ മക്റൂഹ് ആണെന്നും മറ്റും പലേ മഹാന്മാരായ ഉലമാക്കൾ മുമ്പുതന്നെ തീരുമാനിച്ചിട്ടുള്ളതാകയാൽ അവർക്ക് കയ്യെഴുത്ത് പഠിപ്പിക്കൽ പ്രത്യേകം പാടില്ലാത്തതാണ് എന്ന് ഈ യോഗം തീരുമാനിക്കുന്നു. സി കെ മുഹമ്മദ് മൗലവി അവതരിപ്പിച്ചു. എ പി അഹമ്മദ് കുട്ടി മൗലവി പിന്താങ്ങി”. (അൽ ബയാൻ അറബി മലയാള മാസിക 1930 മാർച്ച് പുസ്തകം 1 ലക്കം 4,5 പേജ് 28).
ഇക്കാര്യ സംബന്ധിയായി പി മമ്മദ് എന്നയാളുടെ ചോദ്യത്തിന് സമസ്തയുടെ മുഫ്ത്തി എഴുതിയ മറുപടിയിൽ പറയുന്നു: “ഇക്കാലത്തുള്ള സ്ത്രീ അക്ഷരവിദ്യ അധികവും ദീനിയായ വിഷയത്തിലോ, ഷറഅ അനുസരിച്ച തോതിലോ, കാര്യമായ ആവശ്യത്തിനാേ അല്ലാത്തതോടുകൂടി, അതിനാൽ കണക്കില്ലാത്ത പാപങ്ങൾ വന്നു വശാകുന്നതും പാപങ്ങൾക്കുള്ള ഉപകരണമാവുന്നതും ദൃഷ്ടിയാൽ അറിയപ്പെടുന്നതായും അനുഭവപ്പെട്ടതായും വരുന്നതുകൊണ്ട് സ്ത്രീ അക്ഷരവിദ്യ ശറഅ അനുസരിച്ചവിധത്തിലും വിഷയത്തിലും ആയാൽ അത് അസ്വവ്ലിൽ മക്ക്റൂഹ് മാത്രമാണെങ്കിലും ഇക്കാലത്തുള്ള സ്ത്രീകൾക്ക് അക്ഷരവിദ്യ തീർച്ചയായും ഹറാമാവാൻ മാത്രമേ വഴി കാണുന്നുള്ളൂ.” (അൽബയാൻ പുസ്തകം 1 ലക്കം 3)

ഇബ്നു ഹജറുൽ ഹൈതമിയുടേതായി ഇവിടെ ഉദ്ധരിക്കപ്പെട്ട ഫത്വയുടെ മറപിടിച്ചാണ് സമസ്ത മതം സമൂഹത്തെ വഞ്ചിച്ചത്. ലോക സമൂഹത്തിൻ്റെ അഞ്ചിലൊന്ന് ഭാഗം തലച്ചോറിനെ ഉപയോഗ ശൂന്യമാക്കി ദീർഘ കാലം മരവിപ്പിച്ചു നിർത്തുന്നതിൽ മുഹമ്മദൻ വചനങ്ങൾ വിജയിച്ചു. ഈയടുത്ത കാലം വരെ സമസ്തയുടെ മദ്റസകളിൽ പെൺകുട്ടികൾക്ക് കയ്യെഴുത്ത് പഠിപ്പിച്ചിരുന്നില്ല. പരീക്ഷാ വേളയിൽ പെൺകുട്ടികളെ സ്വകാര്യമായി കൊണ്ടുപോയി ചോദ്യോത്തരം നടത്തുകയായിരുന്നു പതിവ്. എന്നാൽ മാറിയ കാലത്തിനു മുന്നിൽ പിടിച്ചു നില്ക്കാൻ ഈ പിന്തിരിപ്പന്മാർക്ക് ഇവ്വിഷയത്തിൽ പറ്റിയില്ല. മറ്റു പലതിലുമെന്ന പോലെ ഇവ്വിഷയത്തിലും നിലപാട് മാറ്റേണ്ടി വന്നു. വൽ അസ്വ്രി …. കാലമാണ് സത്യം. സമസ്ത ഒരു നൂറ്റാണ്ട് മുമ്പ് ഇവിടെ നടപ്പാക്കിയ ഇത്തരം പേക്കൂത്തുകൾ ഇപ്പോൾ അഫ്ഘാനിൽ താലിബാനികൾ നടപ്പാക്കുമ്പോൾ ചിലർക്കൊക്കെ നാണം കൊണ്ട് താലിബാൻ ഇസ്ലാമല്ല എന്നു പറയാൻ തോന്നുന്നുണ്ടെങ്കിലും “സത്യം കൈപ്പുള്ളതാണെങ്കിലും സത്യം പറയുക” എന്ന മുഹമ്മദിന്റേതായി പറയപ്പെടുന്ന വചനത്തിനു വിരുദ്ധമാണീ ഒഴിഞ്ഞുമാറലെന്നതാണ് സത്യം. ആധുനികത മുസ്ലിംകളിലുണ്ടാക്കിയ നാണമാണ് ഇത്. കാലമാണ് അൽഹഖ്. കാലമാണ് ദൈവം…

ഈ തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട്, 1985ൽ ഉറക്കിയ സമസ്തയുടെ അറുപതാം വാർഷിക സുവനീർ പറയുന്നതിതാണ്: “1930 മാർച്ച് 16 ന് മണ്ണാർക്കാട് വെച്ച് ചേർന്ന സമസ്തയുടെ നാലാം സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട ഒരു പ്രമേയം പുത്തൻ വാദികളുടേയും പാശ്ചാത്യ പരിഷ്കരണ വാദികളുടേയും വിമർശനത്തിന് വിധേയമായിട്ടുണ്ട്. സ്ത്രീകളെ കയ്യെഴുത്ത് പഠിപ്പിക്കുന്നത് സംബന്ധിച്ചാണ് പ്രസ്തുത പ്രമേയം. എല്ലാ വിഷയങ്ങളിലും പുരുഷന്മാരോട് സ്വീകരിക്കുന്ന സമീപനമല്ല സ്ത്രീകളോട് ഇസ്ലാം സ്വീകരിച്ചിരിക്കുന്നത്. ഈ വ്യത്യസ്തത ഏത് വിഷയത്തിൽ നാം വിലയിരുത്തിയാലും അന്തിമവിശകലനത്തിൽ സ്ത്രീയുടെ മാനവും ആരോഗ്യവും സൗന്ദര്യവും നിലനിർത്താനുള്ളതായി നമുക്ക് കാണാവുന്നതാണ്. എഴുത്തു പഠിപ്പിക്കുന്ന കാര്യവും ഇതിൽ പെടുന്നു. ഈ വിഷയത്തിലും പുരുഷന്മാരോട് സ്വീകരിച്ച സമീപനം സ്ത്രീകളോട് ഇസ്ലാം സ്വീകരിച്ചിട്ടില്ല. ……. സ്ത്രീ കയ്യെഴുത്ത് പഠിക്കുന്നതിന് ഭൗതികവുമായ വല്ല ഗുണവുമുണ്ടോ ഇല്ലേ എന്നിവിടെ പറയേണ്ടതില്ല. ഭൗതികമായ വല്ല ഗുണവുമുണ്ടായാലും അക്കാര്യം നിരോധിക്കുന്നതിനു ശറഇൽ തടസ്സമില്ല. കള്ളിൽ ധാരാളം ഗുണങ്ങളുണ്ടെന്നു പറഞ്ഞ ഇസ്ലാം തന്നെ അടുത്ത നിമിഷത്തിൽ അക്കാര്യം ഹറാമാക്കിയല്ലോ. ….. കള്ള് തന്നെ വിരോധിച്ച സംസ്ഥാനങ്ങളും രാഷ്ട്രങ്ങളും ഉണ്ടല്ലോ. …. എന്നാൽ ഈ നിരോധനം പിന്തിരിപ്പനാണെന്നും കള്ളുകുടിയിൽ അനേകം ഗുണങ്ങളുണ്ടെന്നും പറയുന്നവരുമുണ്ടല്ലോ. ചുരുക്കത്തിൽ, ഒരുകാര്യം ഇസ്ലാമികമായി അനുവദനീയമോ തെറ്റോ ആകുന്നത് അതിൽ വല്ല ഗുണവുംമുണ്ടോ, ഭൗതികമായി അത് വളരെ ആവശ്യമാണോ എന്ന നില മാത്രം പരിശോധിച്ചല്ല. ജനങ്ങളുടെ ഭൗതികമായ ആവശ്യം മാത്രം പരിഗണിക്കുകയാണെങ്കിൽ പലിശ ഇവിടെ ഹലാലാക്കേണ്ടി വരും. അങ്ങനെ എന്തെല്ലാം ….” എജ്ജാതി മൊതലുകൾ! ചെയ്തു കൂട്ടിയ തെമ്മാടിത്തരങ്ങൾക്കു ന്യായീകരണമായി ഇമ്മാതിരി ഊളത്തരം അടിച്ചു വിടാനുള്ള ഇവരുടെ തൊലിക്കട്ടിക്കു മുന്നിൽ അന്തിച്ചു നിൽക്കുകയാണ് ഞാൻ.

ഇത്തരം പിന്തിരിപ്പൻ നിലപാട് സ്വീകരിക്കുന്നവരിൽ വഹാബി പുരോഹിതരും ഒട്ടും പിന്നിലല്ല. ഏതാനും ചില ഉദാഹരണങ്ങൾ മാത്രം നമുക്ക് ചർച്ചയാക്കാം. കേരള സലഫികൾ മഹനീയ പണ്ഡിതനായി പരിഗണിക്കുന്ന വഹാബി പുരോഹിതനാണ് ഇബ്നു ബാസ്. ഇയാളുടെ ഫത്വകൾ ക്രോഡീകരിച്ച ഫത്താവാ ഇസ്ലാമിയ്യയിൽ ഒരു ചോദ്യത്തിനു മറുപടിയായി ഇപ്രകാരം കാണാം.

ചോദ്യം: രസതന്ത്രം, ഭൗതിക ശാസ്ത്രം തുടങ്ങിയ ഭൗതിക ശാസ്ത്രീയ വിഷയങ്ങൾ ഒരു സ്ത്രീ പഠിക്കുന്നത് അനുവദനീയമാണോ?

ഉത്തരം: സ്ത്രീ അവൾക്ക് അനാവശ്യമായ വിജ്ഞാനങ്ങൾ പേടിക്കേണ്ട ആവശ്യമില്ല. അറബി ഭാഷ, ഇസ്‌ലാമിക പാഠങ്ങൾ തുടങ്ങിയ അവളുടെ പ്രകൃതിക്ക് അനുയോജ്യമായ വിഷയങ്ങൾ അവർ പഠിക്കേണ്ടതാണ്. എൻജിനിയറിങ്, രസതന്ത്രം, ഭൗതിക ശാസ്ത്രം, ഗോളശാസ്ത്രം, ഭൂമിശാസ്ത്രം തുടങ്ങിയയൊന്നും അവൾക്ക് അനുയോജ്യമല്ല.”

ഇതേ ഇബ്നു ബാസ് തന്നെ ബാലികാ ബാലന്മാരെ പ്രാഥമിക തലം മുതൽ തന്നെ വ്യത്യസ്ഥ സ്ഥാപനങ്ങളിലും ക്‌ളാസ്സുകളിലുമാണ് പഠിപ്പിക്കേണ്ടതെന്നും ആൺ കുട്ടികൾക്ക് വനിതകൾ അധ്യാപനം നടത്താൻ പാടില്ലെന്നും തൻ്റെ അത്തബർറുജ് വഖത്തുറുഹു (പുറത്തിറങ്ങലും അതിൻ്റെ അപകടവും) എന്ന കൃതിയിൽ സിദ്ധാന്തിക്കുന്നുണ്ട്.

ഇത്തരം വൃത്തികേടുകളെയെല്ലാം ഇസ്ലാം മത പുരോഹിതർ ന്യായീകരിക്കുന്നത് സ്ത്രീകളുടെ പ്രഥമവും പരമവുമായ ദൗത്യം കുടുംബ ഭരണവും പെറ്റു കൂട്ടലുമാണ് എന്നു പറഞ്ഞു കൊണ്ടാണ്. അതിന്നു ഭംഗം വരുത്തുന്ന ഒന്നും തന്നെ ഇസ്ലാം അനുവദിക്കുന്നില്ലത്രേ. പരമാവധി പെറ്റുകൂട്ടുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന മുഹമ്മദിൻ്റെ വചനങ്ങളും ഈ ആശയത്തിന് ബലമേകുന്നു. “നിങ്ങൾ വിവാഹം ചെയ്യുകയും പെരുകുകയും ചെയ്യുക”, “പത്തു പ്രസവിച്ച സ്ത്രീ സ്വർഗ്ഗാവകാശിയാണ്”, പ്രസവിക്കാത്ത സ്ത്രീയെക്കാളും നല്ലത് വീട്ടിലെ ഒഴിഞ്ഞ പായയാണ്” എന്നിങ്ങനെ തുടങ്ങി അസംഖ്യം വചനങ്ങൾ ഈയൊരാശയത്തെ ബലപ്പെടുത്തുന്നു. കാഫിറുകൾക്കെതിരായായ ജിഹാദിനായി പരമാവധി സന്താനങ്ങളെ ഉൽപ്പാദിപ്പിക്കൽ അല്ലാഹുവിൻ്റെ നിയമനങ്ങളുടെ ലക്ഷ്യമാണെന്ന് ശൈഖുൽ ഇസ്ലാം ഇബ്നു ഹജറുൽ അസ്ഖലാനി പറഞ്ഞിട്ടുണ്ടല്ലോ.

തുടരും …

Leave a comment