Skip links
Chekanur-Moulavi (1)

ചേകനൂർ മൗലവിയെ പറ്റിയുള്ള ഓർമ്മകൾ

ചേകനൂർ മൗലവിയെ പറ്റിയുള്ള ഓർമ്മകൾ കെ കെ അബ്ദുൽ അലി പങ്കുവെക്കുന്നു:
ഓർമയിൽ മൗലവി ചേകനൂർ [ 1936- 1993] മൗലവിയെ ഞാൻ ആദ്യമായി കാണുന്നത് എൻ്റെ നാടിൻ്റെ കാപ്പാട് [കോഴിക്കോട് ] അടുത്ത പ്രദേശമായ അത്തോളിയിൽ വച്ചാണ്.

അവിടെ നസീമുൽ ഇസ്ലാം എന്ന സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ഒരു മത പ്രസംഗത്തിൽ മൗലവി പ്രസംഗിച്ചിരുന്നു. ഇതിന് മുമ്പ് അവിടെ വൈ ലിത്തറമുഹമ്മദ് കുഞ്ഞി മുസ്ലിയാർ എന്ന പ്രശ സ്തനായ സുന്നി പ്രസംഗകൻ നടത്തിയ പ്രസംഗത്തിലെ വിഷയങ്ങളോട് വിയോജിപ്പുള്ള വഹാബികൾ (മുജാഹിദുകൾ) സംഘടിപ്പിച്ചതാണ് ഈ പ്രസംഗം. ഇതിൻ്റെ പരസ്യം ആരോ കാപ്പാട്ടെ വലിയ പള്ളിയുടെ പടിപ്പുരയുടെ ചുമരിൽ പതിച്ചിരുന്നു. ശ്രദ്ധേയമായ ആ പോസ്റ്ററിൻ്റെ തലക്കെട്ട് [ അബദ്ധജൽപനങ്ങൾക്ക് മറുപടി ] എന്നാണ്. 1965 ലാണ് സംഭവം. ഞാനും ഒരു സുഹൃത്തും കൂടി പ്രസംഗ സ്ഥലത്തെത്തുമ്പോൾ മുറിയൻ കയ്യുള്ള ഷർട്ടും ഒരു കറുത്ത തൊപ്പിയും [ ജിന്നാ കേപ്പ് ] ധരിച്ച് കുറച്ചു മാത്രം താടിയുമായി ഒരു യുവാവ് ഖുർആൻ വചനങ്ങളും നബിവചനങ്ങളും അനായാസം ഉദ്ധരിച്ചും എതിർപക്ഷത്തെ വെല്ലുവിളിച്ചും പ്രസംഗിക്കുന്നു .അതായിരുന്നു മൗലവി ചേകനൂർ എന്ന പേരിൽ പിൽക്കാലത്ത് പ്രസിദ്ധനായ പി .കെ ‘ മുഹമ്മദ് അബുൽ ഹസൻ മൗലവി.

അന്ന് അദ്ദേഹം പറഞ്ഞതിൽ /ഒന്ന് മരിച്ച മക്കളുടെ മക്കൾക്ക് വലിയ ഉപ്പയുടെയും വലിയ ഉമ്മയുടെയും സ്വത്തിൽ അവകാശം കൊടുക്കണം കൊടുക്കാതിരിക്കുന്നത് മതപരമായി ശരിയല്ല എന്നതും മറ്റൊന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് മുസ് ലിം പള്ളിയിൽ നടത്തപ്പെടുന്ന ഖുത്തുബ എന്ന മതപ്രസംഗത്തിൽ പ്രസംഗകൻ്റ ചടങ്ങ് എന്ന നിലയിലെ ഇരുത്തത്തെപ്പറ്റിയുമായിരുന്നു.
ആ ഇരുത്തം ക്ഷീണിച്ച അവസരത്തിൽ നബി ഇരുന്നതാണ് അര മണിക്കൂർ മാത്രം പ്രസംഗിക്കുന്ന ഇന്നത്തെ പ്രസംഗകൻ അത് അനുകരിക്കുന്നത് നാണക്കേടാണ് എന്നുമായിരുന്നു.
അത്തോളിയിലേക്ക് അന്ന് പുഴ കടന്ന് വേണമായിരുന്നു എത്താൻ. നിലാവുള്ള ആരാത്രിയിൽ തോണിയിൽ മടക്ക യാത്ര ചെയ്യുമ്പോൾ എൻ്റെ മനസ്സിൽ വെള്ളിയാഴ്ച പ്രസംഗത്തിലെ അനാവശ്യമായ ഇരുത്തത്തിൻ്റെ കാര്യത്തിൽ അദ്ദേഹം വിവരിച്ച രസകരമായഅയുക്തിക തയായിരുന്നു നിറഞ്ഞു നിന്നത്.

വർഷങ്ങൾക്ക് ശേഷം 1970-ൽ ഞാൻ വീണ്ടും അദ്ദേഹത്തെ കാണുന്നത് കോഴിക്കോട്‌ അന്ന് രൂപീകൃതമായ ഇസ് ലാം ആൻറ് മോഡേൺ ഏജ് സൊസൈറ്റിയുടെ രൂപീകരണ യോഗത്തിലാണ്. 1970 സപ്തംബർ 25 നായിരുന്നു ആ സൊസൈറ്റി രൂപീകരിച്ചത്. മുസ്ലിം സമുദായത്തിൽ ഏറേ കോളിളക്കം സൃഷ്ടിച്ച ആ യോഗത്തിലാണ് ശരീഅത്ത് നിയമത്തിൽ ഭേദഗതി വേണമെന്ന ആവശ്യം കേരളത്തിൽ ഉയർന്നത് [ഇതിനു മുമ്പ് 1965-ൽ എറണാകുളത്ത് നടന്ന ഒരു മീറ്റിങ്ങിൽ സാഹിത്യകാരനായ എൻ.പി മുഹമ്മദ് ഈ ആവശ്യം ഉയർത്തിയതായി കേട്ടിട്ടുണ്ട്. അത് പക്ഷേ, പ്രചാരം നേടിയിരുന്നില്ല].

സൊസൈറ്റിയുടെ മീറ്റിങ്ങിൽ കുറച്ച് സമയം ഞാൻ ഇരുന്നുവെങ്കിലും വിഷയം യഥാവിധി മനസ്സിലായില്ല.

പിറ്റെ ദിവസം ഞാൻ അന്ന് ജോലി ചെയ്തിരുന്ന പന്തലായി നി ഗവ: എൽ.പി സ് കൂളിൽ (കൊയിലാണ്ടി ) ചെന്നപ്പോൾ അവിത്തെ സഹപ്രവർത്തകൻ [ ഗുരുതുല്യൻ] ഇ.ശങ്കരൻ മാസ്റ്റർ മോഡേൺ ഏജ് യോഗത്തിൽ ഉന്നയിക്കപ്പെട്ട കാര്യങ്ങൾ പറഞ്ഞു തന്നു. മുസ്ലിംകൾക്ക് അകാരണമായി ഒറ്റയടിക്ക് ഭാര്യയെ ഒഴിവാക്കാം. നാലു വരെ കല്യാണം ആവാം. സ്ത്രീകൾക്ക് മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സ്വത്തിൽ പുരുഷന്മാരുടെ പകുതിയേ അവകാശമുള്ളു. ഇതൊക്കെ മാറണം. അതിനായി 1937 ലെ ശരീഅത്ത് നിയമത്തിൽ മാറ്റം വരുത്തണം അതാണ് മോഡേൺ ഏജുകാർ പറയുന്നത് മാസ്റ്റർ പറഞ്ഞു തന്നു. ഈ സംഘടനയിൽ അ രംഗത്തും അണിയറയിലും മൗലവിയായിരുന്നു.

എതിർപ്പിൻ്റെ കൊടുങ്കാറ്റിൽ പ്രസിഡണ്ട് കെ.എം ബഹാഉ ദ്ദീൻ [ചാത്തമംഗലം NIT പ്രിൻസിപ്പാൾ ] മുതൽ ഓരോരുത്തരായി രാജിവെച്ചു പിരിഞ്ഞു. അതിൽ എൻ.പി മുഹമ്മദ്, പി.എൻ.എം. കോയ ട്ടി, ഡോ. ഇ.വി ‘ഉസ്മാൻ കോയ, ഡ്രസ് ലാൻ്റ് അബ്ദുൽ അസീസ്, എ.എം. പക്കർ കോയ,മങ്കട അബ്ദുൽ അസീസ് മൗലവി, മൂസ എ. ബക്കർ, ഇൻകം ടാക്സ് ഓഫീസറായിരുന്ന അബ്ദുൽ ഹമീദ് [അത്തോളി] ,ചേക്കുട്ടി ഹാജി [ആനക്കയം]

തുടങ്ങിയവരാണ് ഉണ്ടായിരുന്നത്. മൗലവി ഈ സംഘത്തിൻ്റെ ജോയൻറ് സെക്രട്ടരിയായിരുന്നു.
അന്ന് കോട്ടക്കൽ ആര്യവൈദ്യശാലയിൽ ചികിത്സ ക്കുവന്ന രാഷ്ട്രപതി വി.വി ഗിരിക്ക് 1970 ഡിസമ്പർ 18 ന്ഈ വിഷയത്തിൽ ഇവരിൽ ചിലർ ഒരു നിവേദനവും നൽകിയിരുന്നു. നിവേദനവുമായി പോയത് ഡോ: ഇ.വി.ഉസ്മാൻ കോയ, പി.എൻ എം കോ യട്ടി, ഡ്രസ് ലാ ൻ്റ് അസീസ് എന്നിവരായിരുന്നു. മോഡേൺ ഏജ് സൊസൈറ്റിയുടെ രൂപീകരണത്തിൽ പങ്കാളികളായവരിൽ രണ്ടു പേർ മാത്രമാണ് ഇപ്പോൾ ജീവിച്ചിരിപ്പുള്ളത്. അത് ഡോ: ഇ.വി.ഉസ്മാൻ കോയയും എ.എം പക്കർ കോയയുമാണ്.

മിക്കപേരും പിന്മാറിയെങ്കിലും മൗലവി പിന്മാറിയില്ല അദ്ദേഹം അൽ ബുർഹാൻ ,നിരീക്ഷണം എന്നീ മാസികകളുമായി പ്രവർത്തിച്ചു വന്നു.

1982-ൽ ജോസഫ് ഇടമറുക് [1934-2006] ഖുർആൻ ഒരുവിമർശന പഠനം എന്ന പുസ്തകം ഇറക്കിയപ്പോൾ ,ഇടമറുകിനു മറുപടി എന്ന പേരിൽ കോഴിക്കോട്ട് ടൗൺ ഹാളിൽ മൗലവി ഒരു യോഗം സംഘടിപ്പിച്ചു. ഈ പുസ്തകത്തിൻ്റെ രചനയുമായി ബന്ധപ്പെട്ട് ഇടമറുകിന് എൻ്റെ സഹായം കിട്ടിയത് ഇടമറുക്മുഖവുരയിൽ പരാമർശിച്ചിട്ടുണ്ട്. അതിനാൽമൗലവി പുസ്തകത്തിലെ തെറ്റുകൾ വല്ലതും ചൂണ്ടിക്കാട്ടിയാൽ അടുത്ത പതിപ്പിൽ ഇടമറുകി നോട്പറഞ്ഞ് മാറ്റങ്ങൾ വരുത്തിക്കാമെന്ന് ഉദ്ദേശിച്ചാണ് ഞാൻ മീറ്റിങ്ങിനു പോയത്.

യോഗം തുടങ്ങിയിട്ട് അകത്ത് കടക്കാമെന്ന് വിചാരിച്ച് വരാന്തയിൽ നിന്ന എൻ്റെ അടുത്ത് വന്ന മൗലവി പറഞ്ഞത് മുസ് ലിംകൾക്കെതിരെ ഈ ബുക്ക് വരാൻ കാരണം എന്താണെന്ന് വിശദീകരിക്കുകയാണ് എൻ്റെ ലക്ഷ്യം. ഹദീസു പ്രകാരം ഇടമറുക് പറഞ്ഞത് ശരിയാണ്. ഖുർആനിന് ചിലർ എഴുതിയ വ്യാഖ്യാനങ്ങൾ വച്ച് നോക്കിയാലും ഇടമറുക് പറഞ്ഞത് ശരിയാണ് എന്നായിരുന്നു. പൊതുയോഗത്തിലും അദ്ദേഹം ഈ നിലപാട് ആവർത്തിച്ചു ഇടമറുകിനെയോ പുസ്തകത്തെ യോ വിമർശിച്ചില്ല.

1985ൽ ശാബാനു കേസ് കാലത്ത് വിവാഹമോചിതക്ക് പൂർവ ഭർത്താവ് ചെലവിന് കൊടുക്കാതിരിക്കാൻ പറ്റില്ല എന്ന് സുപ്രി oകോടതി ഖുർആൻ 2:241 ഉദ്ധ രി ച്ച് വിധിച്ചപ്പോൾ അതിനെ പിന്താങ്ങിക്കൊണ്ട് മൗലവി രംഗത്തെത്തി. അന്ന് ഇറക്കിയ താണ് ശരീഅത്തും സുപ്രിം കോർട്ട് വിധിയും എന്ന പുസ്തകം ഖുർആൻ സുന്നത്ത് സൊസൈറ്റി ഉണ്ടാക്കിയതും കോഴിക്കോട്ടും തിരൂരും വണ്ടൂ രുമൊക്കെ വെള്ളിയാഴ്ച പ്രാർഥനയും പ്രസംഗവും നടത്തിയതും പരമ്പരാഗത രീതികളെ വെല്ലുവിളിക്കുന്ന ഉശിരൻ നടപടികളായിരുന്നു രോഗികൾക്കും യാത്രക്കാർക്കും കുട്ടികൾക്കും അന്യമതക്കാർക്കും ദുരിതങ്ങൾക്ക് ഇടയാക്കി റമദാനിൽ മുസ് ലിം ഹോട്ടലുകൾ അടച്ചിടുന്നതിനെതിരെ മൗലവി പ്രതികരിച്ചത് കോഴിക്കോട് റയിൽവേ സ്റ്റേഷൻ്റെ അടുത്തുളള സംഗീത് ഹോട്ടൽ റമദാനിൽ തുറന്നു നടത്തിക്കൊണ്ടായിരുന്നു.

കോഴിക്കോട് ബാങ്ക് റോഡിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഓഡിറ്റോറിയത്തിലെ വെള്ളിയാഴ്ച പരിപാടിയിൽ മൗലവിയുടെ പ്രസംഗം കേൾക്കാൻ ഞാൻ പോയിട്ടുണ്ട്.

18 പുസ്തകങ്ങൾ മിക്കതും സ്വന്തം ചെലവിൽ അദ്ദേഹം പുറത്തിറക്കി .മുസ്ലിം പിന്തുടർച്ചാവകാശ വിഷയത്തിൽ ഖുർആനിലെ പിന്തുടർച്ചാവകാശ നിയമം എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ഈ വിഷയത്തിൽ കോടതിയെ സമീപിക്കാൻ അദ്ദേഹം ആ പുസ്തകത്തിൻ്റെ മുഖവുരയിൽ സമുദായ സ്നേഹികളോട് അഭ്യർഥിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ആഗ്രഹം മാനിച്ച് 2008ൽ ഡോ: ജലീൽ പുറ്റൈക്കാട് ഈ കാര്യത്തിൽ കേരള ഹൈക്കോടതിയിൽ ഒരു കേസ്കൊടുത്തു. വർഷങ്ങൾ കഴിഞ്ഞ്കോടതി കേസ്തള്ളി. ഇപ്പോൾ സുപ്രിം കോടതിയിൽ ആകേസിലെ അപ്പീൽ നിലവിലുണ്ട്.
മൗലവിയുടെ ഉമ്മ അദ്ദേഹത്തോട് മുസ് ലിം പിന്തുടർച്ചയിൽ മരിച്ച മക്കളുടെ മക്കൾക്ക് അവകാശമില്ലാത്ത തിനെപറ്റി പരിഭവം പറഞ്ഞത് ,അദ്ദേഹത്തെ ഇതിനെതിരെ പ്രസംഗിക്കാനും ലേഖനമെഴുതാനും ഇതിൽതിരുത്തൽ വരുത്താൻ നിയമപോരാട്ടം നടത്താനും പ്രചോദനം നൽകിയത് അദ്ദേഹം പലയിടത്തും എഴുതുകയും പറയുകയും ചെയ്തിട്ടുണ്ട്.

18 പുസ്തകങ്ങൾ എഴുതിയതിൽ പിന്തുടർച്ചാ ബുക്കിനു മാത്രമാണ് അദ്ദേഹം അറബിയിലും ഇംഗ്ലീഷിലും മൊഴിമാറ്റം വേണമെന്ന് ആഗ്രഹിച്ചത്.അറബിയിൽ അദ്ദേഹം 1964 ൽ തന്നെ ഒരു രിസാല തെയ്യാറാക്കിയ കാര്യം പറഞ്ഞിട്ടുണ്ട്. അത് പക്ഷേ എവിടെ എന്ന് അറിയില്ല. എന്നാൽ ഇംഗ്ലീഷ് പരിഭാഷ തിരൂരിലെ ഒരാളെക്കൊണ്ട് മുവ്വായിരം രൂപ അന്ന് പ്രതിഫലം കൊടു ത്ത്1993-ൽ് അദ്ദേഹം എഴുതിച്ചത്, മരിച്ച പരിഭാഷകൻ്റെ മകനായ ഇഹ്സാൻ അഹമദിൻ്റെ പക്കൽ നിന്ന് സലാം പറവണ്ണ വാങ്ങി ഡോ.ജലീൽ പുറ്റൈക്കാടിൻ്റെ പക്കൽ എത്തിച്ചിട്ടുണ്ട്. എനിക്കും അതിൻ്റെ കോപ്പി കിട്ടിയിട്ടുണ്ട് .ആ ഇംഗ്ലീഷ് കോപ്പി ഇറങ്ങണമെന്ന ആഗ്രഹം ഇവിടെ പങ്കുവെക്കുന്നു.

പുസ്തകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സർവമതസത്യവാദം മതം മാറ്റങ്ങളും ലൗ ജിഹാദുമൊക്കെ അവസാനിപ്പിക്കുന്നതിൽ ഈ ചെറിയ പുസ്തകത്തിന് വലിയ പങ്ക് വഹിക്കാനാകും/ മൗലവിക്കുസമം മറ്റൊരാൾ ഉണ്ടാവുക അസാധ്യം തന്നെ. പക്ഷേ ജീവിച്ചിരുന്ന ചേകനൂരിനേക്കാൾ ശക്തമായി മരിച്ച ചേക നൂർ മുസ്ലിം സമുദായത്തിൽ പ്രവർത്തിച്ചുകൊണ്ടിരുക്കുന്നു.

ക അ ൻ നക്ക/യാ / അഹീ / മലക്കുൻ/ കരീമുൻ/വ അൻ/ അം സാലിക്ക/ദ്ദുൻയാ / അക്കീമു (താങ്കൾ ഒരു മാലാഖയെ പോലെമഹത്യമുള്ള ആളാണ്/ താങ്കളെ പോലുള്ളവർ ഭൂമിയിൽ ജനിക്കാറില്ല ) / നയേ ചാന്ദ് ഹോഗാ /നതാരെ രഹേംഗേ / മഗർ ഹംഹമേശാ /തു മാരെ രഹേംഗേ / [ഈ ചന്ദ്രൻഇല്ലാതാകും/ ഈ നക്ഷത്രങ്ങളും ഇല്ലാതാകും/അപ്പോഴും ഞങ്ങൾ താങ്കളുടേ തായിരിക്കും ]
🖋️ കെ.കെ അബ്ദുൽ അലി / 29 /7/20/ph: 994681 326 lമൗലവി ചേകന്നൂർ 1936 – 1993

Leave a comment