Skip links

മത ധാർമ്മികതയുടെ പിന്നാമ്പുറങ്ങൾ – 1

ഭൗതികവാദികൾക്കു ധാർമ്മികതയില്ല – മതവാദികളുടെ പതിവു വാദങ്ങളിൽ ഏറ്റവും രസകരമായ ഒന്നാണിത്. ഭൗതിക വാദികൾക്ക് ധർമ്മ സംഹിതകളോ ധാർമ്മികമാവാൻ പ്രേരിപ്പിക്കുന്ന ആശയ സംഹിതകളോ ഒന്നുമില്ലെന്നും അവർക്ക് എന്ത് അധർമ്മവും പ്രവർത്തിക്കാമെന്നുമൊക്കെ മതവാദികളുടെ പതിവ് ആരോപണങ്ങളാണ്. മതവാദികളുടെ ധാർമ്മികതാ വാദങ്ങളുടെ യാഥാർഥ്യം പരിശോധിക്കലാണ് ഈ കുറിപ്പിൻ്റെ ഉദ്ദേശ്യം. മതവാദത്തിനു ധാർമ്മികതയില്ലെന്നും മതധാർമ്മികതാ സങ്കല്പങ്ങൾ ധർമ്മപുരാണമെന്ന നിലയിൽ തികഞ്ഞ പരാജയവും അത്യന്തം അപകടകരുവുമാണെന്നുമാണ് ഞാനിവിടെ മുന്നോട്ടു വെക്കുന്നത്.

മതവാദത്തിനു ധാർമ്മികതയില്ല

ചെയ്യേണ്ടതെന്തെല്ലാം, പാടില്ലാത്തതെന്തെല്ലാം എന്ന് തങ്ങൾ വിശ്വസിക്കുന്ന ഗ്രന്ഥങ്ങളിലൂടെ മനുഷ്യന് ദൈവീക നിർദ്ദേശങ്ങൾ നല്കപ്പെട്ടിട്ടുണ്ടെന്നും ആ നിർദ്ദേശങ്ങളാണ് ധാർമ്മികതയുടെ മാനമെന്നുമാണ് മത വാദികളുടെ പൊതു ധാർമ്മികതാ സിദ്ധാന്തം. ഇവയനുസരിച്ച് ജീവിച്ചാൽ തങ്ങൾക്കു അത്യാനന്ദകരമായ സുഖലോലുപതകളും കുടിക്കാൻ അളവറ്റ മദ്യവും രമിക്കാൻ അസംഖ്യം പെണ്ണുങ്ങളും ബാലന്മാരും നിർവ്വചിക്കാനാവാത്ത എന്തെല്ലാമോ സ്വർഗ്ഗീയ അനുഭൂതികളുമുള്ള അനശ്വരമായൊരു മരണാനന്തര ജീവിതം പ്രതിഫലമായി (Return) ലഭിക്കുമെന്നും ഇവ അനുസരിച്ചില്ലെങ്കിൽ ആളിക്കത്തുന്ന നരകത്തിൽ എന്നെന്നും നരകിക്കേണ്ടി വരുമെന്നുമുള്ള തങ്ങളുടെ വിശ്വാസമാണ് ഈ നിർദ്ദേശങ്ങളനുസരിക്കാൻ തങ്ങളെ നിർബന്ധിക്കുന്നതെന്നുമൊക്കെയാണ് വാദങ്ങൾ. ഈ വാദം തന്നെയാണ് മത വിശ്വാസത്തിനു ധാർമ്മികതയില്ല എന്നതിൻ്റെ തെളിവ്. അതായത്, അവർ ഒരു പ്രവർത്തിയെക്കുറിച്ചുള്ള തങ്ങളുടെ നിലപാട് രൂപീകരിക്കുന്നത് അതിൻ്റെ പ്രതിഫലം (return) അടിസ്ഥാനമാക്കിയാണ്. ദൈവം പ്രോത്സാഹിപ്പിച്ചതായി അവർ സങ്കല്പിക്കുന്നതെന്തോ, അതാണ് നന്മ, ദൈവം നിരുത്സാഹപ്പെടുത്തിയതായി അവർ വിശ്വസിക്കുന്നതെന്തോ, അതാണ് തിന്മ എന്നാണ് ഇവരുടെ വിശ്വാസം. ശിക്ഷ ഭയന്നതു കൊണ്ട് ചിലത് ചെയ്യാതിരിക്കുന്നു, സ്വർഗീയ ഭോഗങ്ങൾ മോഹിച്ച് ചിലത് ചെയ്യുന്നു. ശിക്ഷാ ഭയവും ഭോഗ മോഹവും ഒരു വശത്തും ആ പ്രവർത്തിയിലൂടെ കിട്ടുന്ന ആനന്ദം മറുവശത്തുമായുള്ള ഒരു trade off ആണിത്. സ്വാർത്ഥ താൽപ്പര്യങ്ങളെന്ന ഒരേയൊരു ലക്ഷ്യമാണ് തങ്ങളെ മുന്നോട്ടു നയിക്കുന്നതെന്നാണ് ഇക്കൂട്ടർ തന്നെ പറയാതെ പറഞ്ഞു വെക്കുന്നത്. സ്വാർത്ഥത എന്ന ഒരേയൊരു അസ്ഥിവാരത്തിൽ അടിത്തറയിട്ട നിലപാടിനെ എങ്ങനെയാണ് ധാർമ്മികമെന്നു വിശേഷിപ്പിക്കാനാവുക? മനുഷ്യ സമൂഹത്തിൻ്റെ സാമൂഹ്യ ജീവിതം സുന്ദരവും സമൂഹത്തിനു മൊത്തത്തിൽ ആനന്ദകരവുമാക്കി കൂടുതൽ ഭാസുരമായ ലോക സൃഷ്ടിക്കായി മനുഷ്യ ഇടപെടലിൽ പാലിക്കേണ്ട നയനിലപാടുകളാണ് ധാർമ്മികതയുടെ അടിസ്ഥാനം. നമ്മുടെ പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് സമൂഹത്തിൻ്റെ മൊത്തത്തിലുള്ള ഐശ്വര്യം ഉയർത്തുന്നതിനായി നാം നടത്തുന്ന നിതാന്ത പരിശ്രമമാണത്. ഒരു സമൂഹമായി നിലനിന്നു കൊണ്ട്, അന്വേഷണങ്ങളിലൂടെ ലഭിക്കുന്ന അറിവുകളെ ഉപയോഗപ്പെടുത്തി വിശാലമായ ചർച്ചകളിലൂടെയാണ് അത്തരം നയനിലപാടുകൾ ധർമ്മ സങ്കല്പങ്ങളായി നമ്മൾ ആർജ്ജിച്ചെടുക്കുന്നത്. ഇത്തരം യാതൊരു വിശാല പരിപ്രേക്ഷ്യവും അവകാശെപ്പെടാനില്ലാത്ത സങ്കൽപ്പ കഥയാണ് മത വിശ്വാസത്തിൻ്റെ ധാർമ്മികതയുടെ തത്വശാസ്ത്രം.

മതവാദിയുടെ ലക്ഷ്യസ്ഥാനം

തനിക്ക് അമ്മയെയും പെങ്ങളെയും ഭോഗിച്ചാലെന്താ? തനിക്കിതിലൊന്നുമൊരു കുഴപ്പവുമില്ലല്ലോ. തനിക്കൊരു പുസ്തകമില്ലല്ലോ. ശരാശരി മത വാദികളുടെ മില്യൺ ഡോളർ ചോദ്യങ്ങളിലെ ഒരു പ്രധാന വിഭവമാണിത്. എന്താണ് ഇത്തരം ചോദ്യങ്ങളുടെ ഉറവിടമാണ് ആശ്ചര്യപ്പെട്ടിട്ടുണ്ടോ? മത പുസ്തകങ്ങൾ വെറുതെയൊരവർത്തി വായിച്ചാൽ തന്നെ ഈ ആശ്ചര്യം പമ്പ കടക്കും. മനുഷ്യ സങ്കൽപ്പങ്ങളിൽ വിരിഞ്ഞ ഏറ്റവും വൃത്തികെട്ട ലോകങ്ങളിലൊന്നാണ് മതവിശ്വാസികൾ തങ്ങളുടെ അഭയ സ്ഥാനമായി കരുതുന്ന സ്വർഗ്ഗീയ ഭോഗാലയം. ആ സങ്കൽപ്പ ലോകത്ത് എത്തിച്ചേരലാണ് തൻ്റെ ജീവിത ലക്ഷ്യമെന്ന് ഒരു ശരാശരി മിതവാദി വിശ്വസിക്കുന്നു. എന്നിട്ടോ? ഇവിടുന്നു ചെയ്യാൻ പറ്റാത്ത എന്തു കുത്തിക്കഴപ്പുകളും നിയമമില്ലാത്ത ആ ലോകത്തു ചെന്ന് പ്രവർത്തിക്കണം. രാവിലെ എന്താ പരിപാടി? കള്ളുകുടി, കൂകിവിളി, ഹൂറി ഭോഗം, ആടിത്തിമിർക്കലും പിന്നെ ബാലന്മാരും. ഉച്ചക്കോ? ഇതൊക്കെത്തന്നെ. പിന്നെ രാത്രിയും ഇതൊക്കെ തന്നെ. നാളെയും ഇതല്ലാതെ എന്ത്? ഇങ്ങനെയുള്ള ഒരു വൃത്തികെട്ട സങ്കൽപ്പ ലോകമാണ് വിശ്വാസിയുടെ ആത്യന്തിക വാസ സ്ഥാനം. തങ്ങളുടെ ദൈവം അരുതെന്നു മൊഴിഞ്ഞതായി വിശ്വസിക്കുന്നത് കൊണ്ട് മാത്രം ചില കാര്യങ്ങൾ തിന്മയെന്നു കരുതി അവയിൽ നിന്നും വിട്ടു നിൽക്കുന്നവർക്ക് നിയമ കൽപ്പനകളില്ലാത്ത ആ ലോകത്തെ ജീവിതം തോന്നിയ പടിയാവാം. അവിടെ പെങ്ങളെ പോലും കല്യാണം കഴിക്കാമെന്നു ഇപ്പോഴും ഇസ്ലാമിക മത പാഠശാലകളിൽ കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. ഇത്തരം ക്‌ളാസ്സുകൾ കേട്ട് വളരുന്ന മതവാദിയിൽ നിന്നും ഇത്തരം ചോദ്യങ്ങൾ വന്നില്ലെങ്കിലാണ് നമ്മൾ ആശ്ചര്യപ്പെടേണ്ടത്.

മത ധാർമ്മികതാ വാദത്തിൻ്റെ പ്രശ്നങ്ങൾ

ധാർമ്മിക ജീവിതം നയിക്കാൻ മതം അത്യന്താപേക്ഷിതമാണ് എന്നാണ് മതവാദികൾ അവകാശപ്പെടുന്നത്. എന്നാൽ, സൈദ്ധാന്തിക ഭാഷ്യങ്ങൾക്കപ്പുറം, ഏതൊരു സിദ്ധാന്തത്തിൻ്റെയും സാധുത പരിശോധിക്കാൻ ആ സിദ്ധാന്തങ്ങൾ എങ്ങനെ പ്രവർത്തിച്ചു എന്ന പരിശോധന ആർക്കും എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ഒരു ടൂൾ ആയി ഉപയോഗപ്പെടുത്തതാവുന്നതാണ്. അത്തരമൊരന്വേഷണമാണ് നാമിവിടെ നടത്തുന്നത്. “It doesn’t matter how beautiful your theory is, it doesn’t matter how smart you are. If it disagrees with experiment, it’s wrong.” എന്ന Richard P. Feynman ൻ്റെ നിരീക്ഷണം ഞാനിവിടെ കടം കൊള്ളുന്നു. അതായത്, മുന്നോട്ടു വെക്കപ്പെടുന്ന സിദ്ധാന്തം എത്ര മനോഹരമായാലും, സൈദ്ധാന്തികൻ എത്ര സമർത്ഥനായാലും പരീക്ഷണത്തിൽ പരാജയപ്പെട്ടാൽ സിദ്ധാന്തം പരാജയമാണെന്ന്. മതത്തിൻ്റെ ധാർമ്മിക അവകാശ വാദങ്ങൾ ഒരു പരാജയപ്പെട്ട സിദ്ധാന്തവും പാതി വെന്ത അന്നവുമാണെന്ന് നാം ഇനിയുള്ള ചർച്ചകളിൽ നിന്നും മനസ്സിലാക്കും.

ഭൗതിക വാദികൾക്ക് ധാർമ്മികതക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അവർക്ക്‌ ഗ്രന്ഥങ്ങളോ മാനക നിർദ്ദേശങ്ങളോ ഒന്നുമില്ലെന്നും ഓരോരുത്തർക്കും അവരവരുടെ തോന്നലനുസരിച്ച് നിലപാടുകളെടുക്കാമെന്നും ഇവർക്ക് യാതൊരു യോജിപ്പിലുമെത്താൻ സാധിക്കില്ലെന്നുമൊക്കെയാണ് മതവാദികൾ സാധാരണയായി ഭൗതികവാദികൾക്കെതിരെ ഉന്നയിക്കുന്ന ആക്ഷേപങ്ങളിൽ പ്രധാനം. ഇതിനു പരിഹാരമായി അവർ മുന്നോട്ടു വെക്കുന്നതാണ് ദൈവിക നിർദ്ദേശ സിദ്ധാന്തം. ഒരു പാട് ധാർമ്മിക പ്രശ്നങ്ങൾക്ക് പരിഹാരമായാണ് തങ്ങളുടെ ധാർമ്മികത ദൈവത്താൽ നിർണ്ണയിക്കപ്പെട്ടതാണെന്നും അത് സ്വയം സമ്പൂർണ്ണമാണെന്നും അത് വസ്തുനിഷ്ഠമാണെന്നും മത വാദികൾ വാദിക്കുന്നത്. ഇവ അലംഘനീയമായ സത്യങ്ങളാണെന്നും യാതൊരു കാരണവശാലും മാറ്റപ്പെടാൻ പാടില്ലാത്തതാണെന്നും മതവാദികൾ വാദിക്കുന്നു. എന്നാൽ ഈ വാദം പരിഹരിക്കുന്നതിനേക്കാളധികം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്തിട്ടുള്ളത്. ഏതാനും ചില പ്രശ്നങ്ങൾ നാം ഈ പരമ്പരയിലൂടെ ചർച്ച ചെയ്യും.

(തുടരും…)

Leave a comment