Skip links

മതധാർമ്മികതയുടെ അടിസ്ഥാന പ്രശ്നങ്ങൾ

(മതധാർമ്മികതയുടെ പിന്നാമ്പുറങ്ങൾ – ഭാഗം രണ്ട്)

മത ധാർമ്മികതയുടെ പ്രശ്നങ്ങളെ അടിസ്ഥാനപരമായി രണ്ടു വിഭാഗങ്ങളിൽ പെടുത്തി, അവകാശവാദങ്ങളുടെ അടിസ്ഥാനത്തെ തന്നെ ബാധിക്കുന്ന പ്രശ്നങ്ങളെ ഒരു വിഭാഗമായും പ്രായോഗിക പ്രശ്നങ്ങളെ രണ്ടാം വിഭാഗമായുമാണ് ഈ പരമ്പര മുന്നോട്ടു പോവുന്നത്. അടിസ്ഥാനത്തെ ബാധിക്കുന്ന പ്രശ്നങ്ങളെ പൊതുവായി ഈ കുറിപ്പിലും പ്രായോഗിക പ്രശ്നങ്ങളെ ഓരോ മതങ്ങളായും പ്രത്യേകം പ്രത്യേകമായി ഈ പരമ്പരയിലെ തുടർ കുറിപ്പുകളിലും ചർച്ച ചെയ്യാം. നമുക്ക് അടിസ്ഥാനത്തെ ബാധിക്കുന്ന പ്രശ്നങ്ങളുടെ ചർച്ചയിലേക്ക് കടക്കാം. ഏറ്റവും വീറോടെ ഉയർത്തിക്കാണിക്കപ്പെടുന്നത് ഇസ്ലാമിക വാദങ്ങളായതു കൊണ്ട് ഇസ്ലാമിക വാദങ്ങളുടെ പരിപ്രേക്ഷ്യത്തിൽ തന്നെയാണ് പ്രധാനമായും ഈ കുറിപ്പും ചിട്ടപ്പെടുത്തപ്പെട്ടിട്ടുള്ളത്.

വസ്തുനിഷ്ഠ ധാർമ്മികതാ വാദം

തങ്ങളുടെ സിദ്ധാന്ത പ്രകാരം നന്മ തിന്മകൾക്ക് തങ്ങൾക്ക് വസ്തുനിഷ്ടമായ മാനമുണ്ട് എന്ന മതവാദം തെറ്റാണ്. തങ്ങളുടെ ധാർമ്മികതയുടെ മൂലാധാരം ദൈവമേകിയ നിയമ സംഹിതയാണെന്നും എല്ലാ നന്മ തിന്മകളും ആ സംഹിത വിശദീകരിച്ചിട്ടുണ്ടെന്നും ശരിയും തെറ്റും ദൈവം നിർവ്വചിച്ചു തന്നതിനാൽ തങ്ങൾക്കു വസ്തുനിഷ്ഠമായ അടിത്തറയുണ്ടെന്നുമാണ് പൊതുവേ മതവാദികളുടെ വാദമെന്ന് നാം നേരത്തേ ചർച്ച ചെയ്തതല്ലോ. എന്നാൽ തങ്ങൾക്കു നിയമമേകുന്ന ഒരു ദൈവമുണ്ടെന്നും ആ ദൈവമേകിയതാണ് തങ്ങളുടെ വേദ പുസ്തകമെന്നുമുള്ള കേവല വിശ്വാസമാണ് ഇതിന്നാധാരമായ മൂല തത്വങ്ങളായി അവർ അംഗീകരിക്കുന്നത്. ഇതൊരു കേവല വിശ്വാസമെന്നതിലുപരി, ഖണ്ഡിതമായ തെളിവുകളാൽ സ്ഥിരപ്പെട്ട വസ്തുതയല്ല. തങ്ങളുടെ വിശ്വാസം വസ്തുതയാണെന്ന കേവല പ്രസ്താവങ്ങളാണ് തങ്ങളുടെ വാദം ശരിയാണെന്ന് ദ്യുതിപ്പിക്കുവാനായി ആശ്രയിക്കപ്പെടുന്നത്. വിശ്വാസം വസ്തുതയാണെന്ന് വാദിക്കുന്നതിലൂടെ ഒരു ആശ്വാസം കിട്ടുമെന്നതിലുപരി പ്രത്യേകിച്ചൊരു ഉപയോഗമൊന്നുമില്ല. വാദത്തിനു തെളിവായി വാദം ഒന്നുകൂടെ പറഞ്ഞാൽ മതിയാവില്ലല്ലോ.

മറ്റൊരു കാര്യം, വസ്തുനിഷ്ടമായ തെളിവെന്നാൽ, വസ്തുതകൾ മാത്രം നിരത്തി, കാരണങ്ങൾ വിശദീകരിച്ചു കൊണ്ട് ഏതു നിലപാട് സ്വീകരിക്കുന്നവർക്കും അവരുടെ നിലപാടുകളിൽ നിന്ന് സ്വതന്ത്രമായി അനിഷേധ്യമായ തെളിവുകളാൽ വിശദീകരണ ക്ഷമതയുള്ളവയാണ്. അത്തരം തെളിവുകളാൽ സ്ഥിരപ്പെട്ടവയാണ് വസ്തുനിഷ്ഠമായ വാദങ്ങൾ. യുക്തിപരമായി വിലയിരുത്തുമ്പോൾ അത്തരം വാദങ്ങളെ, ഏതു ചിന്താഗതിക്കാർക്കും അവരുടെ ചിന്താഗതിയിൽ നിന്നും സ്വതന്ത്രമായി അംഗീകരിക്കേണ്ടി വരും. ദൈവം പറഞ്ഞത് കൊണ്ട് ഞങ്ങൾ ചെയ്യുന്നില്ല എന്നത് ഒരു കാര്യം അധാർമ്മികമോ ധാർമ്മികമോ ആണ് എന്ന് യുക്തിപരമായി സ്ഥാപിക്കാൻ പറ്റിയ വാദമല്ല. ഏതൊരു വിഷയമായാലും ദൈവം പറഞ്ഞു എന്ന വിശ്വാസമല്ലാതെ ശരിയോ തെറ്റോ ആവാൻ എന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന ചോദ്യത്തിന് ദൈവിക നിർദ്ദേശ സിദ്ധാന്തത്തിന് ഉത്തരമില്ല. അക്കാരണത്താലും ഈ സിദ്ധാന്തം വസ്തുനിഷ്ഠമല്ല.

മാത്രമല്ല, ദൈവിക നിർദ്ദേശങ്ങളെന്ന് പറയപ്പെടുന്നവ മനുഷ്യ വ്യാഖ്യാനങ്ങൾക്ക് വിധേയമാണ്. ദൈവികമെന്നവകാശപ്പെടുന്ന ഗ്രന്ഥങ്ങളിലൂടെയുള്ള നിർദ്ദേശങ്ങൾ വ്യാഖ്യാനിച്ചു നൽകുന്നത് പുരോഹിതരാണ്. മനുഷ്യ നിർമ്മിത നിയമങ്ങൾക്ക് എന്തെല്ലാം പ്രശ്നങ്ങളുണ്ടെന്നാണോ മതവാദികൾ അവകാശപ്പെടുന്നത്, അതെല്ലാം ഇത്തരം വ്യാഖ്യാനങ്ങൾക്കും ബാധകമാണ്. മാത്രമല്ല, നിയാമക തത്വങ്ങളായി സമൂഹത്തിൽ പ്രവർത്തിക്കുന്നത് അത്തരം വ്യാഖ്യാനങ്ങളാണ്. ദൈവികമെന്നവകാശപ്പെടുന്ന വചനങ്ങളിൽ മനുഷ്യ ഇടപെടൽ വരുന്നതോടു കൂടെ ആ നിർദ്ദേശങ്ങളും മനുഷ്യനിർമ്മിത നിയമനങ്ങളും ഒരേ നിലവാരത്തിലേക്ക് എത്തുന്നു. അത്തരം വ്യാഖ്യാനങ്ങളിൽ പരസ്പരം ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതും കലഹിക്കുന്നതുമായതും കൊലവിളികൾ പോലും നടത്തുന്നതുമായ ഒട്ടേറെ വൈജാത്യങ്ങൾ കാണാനും പറ്റുന്നുണ്ട്. തങ്ങളുടേതാണ് ദൈവിക നിയമത്തോട് യോജിക്കുന്ന യഥാർത്ഥ വ്യാഖ്യാനമെന്നും ദൈവികമായ നിയമത്തിൽ മാറ്റങ്ങൾ അനുവദിക്കാൻ പറ്റില്ലെന്നുമൊക്കെയുള്ള നിലപാട് കാരണം അത്തരം വ്യാഖ്യാന വ്യത്യാസങ്ങൾ മാത്രം ചോര ചിന്തലിലേക്ക് നയിച്ച ഒട്ടേറെ സംഭവങ്ങൾ നമുക്ക് ചരിത്രത്തിലെമ്പാടും കാണാം. അക്കാര്യങ്ങൾ വിശദമായി തുടർകുറിപ്പുകളിൽ ചർച്ച ചെയ്യും.

സാമൂഹ്യ നന്മ മുഖ്യ പരിഗണനാ വിഷയമല്ല

സാമൂഹ്യ ജീവിതം സുസ്ഥിരവും സമാധാനപരവുമാക്കുക എന്നതാവണം ധാർമിക ആശയ സംഹിതകളുടെ മുഖ്യ താൽപ്പര്യമെന്ന് നാം നിരീക്ഷിക്കുമ്പോൾ ഇസ്ലാം മുന്നോട്ട് വെക്കുന്ന ആശയം അങ്ങനെയല്ല. അവർ ഏറ്റവും വലിയ തിന്മായായി കാണുന്നത് ബഹുദൈവാരാധനയും ദൈവ നിരാസവുമാണ്. ഏതു കൊടിയ സാമൂഹ്യ ദ്രോഹവും അക്രമവും ചെയ്തു നടന്നവനും ജീവിതത്തിൻ്റെ ഒടുക്കത്തിൽ മുസ്ലിമാണെങ്കിൽ അവൻ സ്വർഗ്ഗത്തിലെത്തിച്ചേരുമെന്നും എന്നാൽ ലോകത്തിനു മൊത്തം നന്മ മാത്രം ചെയ്തു ജീവിച്ചവരായാൽ പോലും ജീവിതാന്ത്യത്തിൽ മുസ്ലിമല്ലെങ്കിൽ യാതൊരു തെറ്റും ചെയ്തിട്ടില്ലെങ്കിൽ പോലും അവൻ്റെ ശിക്ഷ നരകത്തിൽ ശാശ്വത വാസമാണെന്നുമാണ് ഇസ്ലാം മുന്നോട്ടു വെക്കുന്നത്. ഒരു തെമ്മാടിയും കള്ളുകുടിയനുമായ മുസ്ലിമാണെങ്കിൽ പോലും ഇസ്ലാം കാരണം അവൻ ഗാന്ധിജിയെക്കാളും മഹാനാണെന്ന് ഇന്ത്യൻ മുസ്ലിംകളുടെ ഖിലാഫത്ത് സമര നായകൻ മൗലാനാ മുഹമ്മദലി പ്രസ്താവിച്ചത് നമ്മുടെ ഭരണഘടനാ ശില്പി ഡോ. അംബേദ്‌കർ അദ്ദേഹത്തിൻ്റെ “Pakistan or the partition of India ” എന്ന കൃതിയിൽ അനുസ്മരിക്കുന്നുണ്ട്. ഇനി നമുക്ക് ഒന്നുരണ്ടുദാഹരണങ്ങൾ നോക്കാം. ഇസ്ലാമിലെ പ്രബല വീക്ഷണങ്ങൾ പ്രകാരം സ്വയം ഭോഗം ചെയ്യൽ ഹറാമും അടിമയെ വാങ്ങി റൂമെടുത്ത് ലൈംഗീക ചൂഷണം നടത്തിയ ശേഷം അതേ ചന്തയിൽ തന്നെ കൊണ്ട് പോയി വിൽക്കൽ ഹലാലുമാണ്. രണ്ടുടമകൾ തമ്മിൽ, താന്താങ്ങൾ ലൈംഗീക ചൂഷണം നടത്തിയ അടിമസ്ത്രീകളെ പരസ്പരം കൈമാറ്റ കച്ചവടം ചെയ്യൽ ഹലാലും താടി വടിക്കൽ തഹ്‌രീമിൻ്റെ കറാഹത്തുമാണ്. കുട്ടികളെ ദത്തെടുക്കലും അവയവം ദാനം ചെയ്യലും മെഡിക്കൽ കോളേജിന് ശവശരീരം ദാനം ചെയ്യലുമെല്ലാം നിഷിദ്ധമായ കാര്യങ്ങളിൽ പെടും. സമൂഹത്തിനു ദിശാബോധം നൽകുന്നതിൽ ഈ ആശയ സംഹിത തികഞ്ഞ പരാജയമാണെന്ന് മനസിലാക്കാൻ ഇത്ര മതിയാവുമെന്നു പ്രതീക്ഷിക്കുന്നു. മുഖ്യ പരിഗണന സാമൂഹ്യ നന്മയല്ല, തങ്ങളുടെ കഥയിലുള്ള വിശ്വാസമാണെന്ന് പറയാൻ ഇതിൽ പരം തെളിവുകൾ വേറെന്തു വേണം?

മതനേതാക്കളുടെ പ്രവർത്തിയെ അടിസ്ഥാനപ്പെടുത്തിയുള്ള നിയമ നിർമ്മാണം

ഇസ്ലാമിക ധാർമ്മിക സങ്കൽപ്പങ്ങളുടെ ഏറ്റവും ഭീകരമായൊരവസ്ഥയാണിത്. ദൈവിക നിയമങ്ങൾ വായിച്ചു കേൾപ്പിക്കുന്നവൻ മാത്രമല്ല, ജീവിച്ചു കാണിച്ചവൻ തന്നെയാണ് ഇവർ ദൈവദൂതനെന്നു സങ്കല്പിക്കുന്ന മനുഷ്യനെന്ന് ഇസ്ലാമികർ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിൻ്റെ വാക്കും പ്രവർത്തിയും മൗനവും പോലും ധാർമ്മിക മാതൃകകളായി ഇസ്ലാം സമൂഹം ഉൾക്കൊള്ളുന്നു. അദ്ദേഹത്തിൻ്റെ മൗനം അനുവദനീയതയുടെ തെളിവായാണ് ഇസ്ലാം ഗണിക്കുന്നത്. അദ്ദേഹത്തിൻ്റെ ശിഷ്യരുടെ പ്രവർത്തിയിൽ പോലും മറ്റു ശിഷ്യർ മൗനം പാലിച്ചാൽ അത് അനുവദനീയതയുടെ തെളിവായാണ് ഗണിക്കപ്പെടുന്നത്. ഏകകണ്ഠമായ മൗന സമ്മതം (ഇജ്മാഉ സുകൂത്തി) എന്നാണ് ഇസ്ലാമിക നിയമ സംഹിതകളിൽ ഇത്തരം കാര്യങ്ങൾ അറിയപ്പെടുന്നത്. ഈ ഗണത്തിൽ വരുന്ന ഏതാനും ചില കാര്യങ്ങൾ മാത്രം ഇവിടെ ഉദാഹരിക്കാം.

ഇസ്ലാമിക ലോകം രണ്ടാം പ്രമാണമാണവും ഏറ്റവും ആധികാരിക ചരിത്ര രേഖയുമായി പൊതുവിൽ അംഗീകരിക്കുന്ന സ്വഹീഹുൽ ബുഖാരി ഉദ്ദരിച്ച ഒരൊറ്റ ഹദീസിൽ നിന്നും രണ്ടുദാഹരണങ്ങൾ മാത്രം പറഞ്ഞു നിർത്താം.

ഹുദൈബിയാ സന്ധി വിവരിക്കുന്ന ഒരു ഹദീസിൽ വിവരിക്കുന്ന സംഭാഷണത്തിൽ നിന്നും ഒരു ശകലം നോക്കാം: “ഉർവ്വ പറഞ്ഞു: ഓ മുഹമ്മദ്, നിൻ്റെ ബന്ധങ്ങൾ വേർപെടുത്തുന്നതിൽ നിനക്കൊരു മനഃസാക്ഷിക്കുത്തും തോന്നുന്നില്ലേ? സ്വന്തം ബന്ധങ്ങൾ മുറിക്കുന്ന ആരെയെങ്കിലും നീ നിനക്ക് മുമ്പ് അറബികളിൽ നിന്നും കണ്ടിട്ടുണ്ടോ? നിനക്ക് പരാജയം സംഭവിച്ചാൽ, അല്ലാഹുവാണേ സത്യം, ഒരാളും നിന്നെ സഹായിക്കയില്ല. വിവിധ ഗോത്രങ്ങളിൽ നിന്നായുള്ള ആളുകളല്ലാതെ, മാന്യന്മാരെയാരെയും നിൻ്റെ കൂട്ടത്തിൽ ഞാൻ കാണുന്നില്ല. അവരും നിന്നെയുപേക്ഷിച്ച് പോവും. ഇത് കേട്ട അബൂബക്കർ പറഞ്ഞു: “നീ ലാത്തയുടെ കൃസരി ഉറുഞ്ചിക്കോ. (امْصُصْ بَظْرَ اللاَّتِ) ഞങ്ങൾ നബിയെ ഉപേക്ഷിച്ച് പോവുമെന്നാണോ നീ പറയുന്നത്?” ഇത് കേട്ട ഉർവ ചോദിച്ചു: “അതാരാണ്?” അവർ പറഞ്ഞു: “അത് അബൂബക്കറാണ്.” ഉർവ പറഞ്ഞു: “എന്റെ ജീവൻ ആരുടെ കയ്യിലാണോ, അവനാണ് സത്യം, നീ എനിക്ക് ചെയ്ത, ഞാൻ തിരിച്ചു ചെയ്തിട്ടില്ലാത്ത ഉപകാരമില്ലായിരുന്നു എങ്കിൽ ഞാനിതിനു മറുപടി പറയുമായിരുന്നു.”

(Reference : Sahih al-Bukhari 2731, 2732, In-book reference : Book 54, Hadith 19)

ഒന്നാം ഖലീഫ ഈ തെറി പ്രയോഗം നടത്തിത് ലോകാവസാനം വരെയുള്ള ജനങ്ങൾക്ക് ഉത്തമ മാതൃകയാണ് താനെന്ന് അവകാശപ്പെട്ടയാളായ മുഹമ്മദിൻ്റെ സന്നിധിയിൽ വെച്ചാണ്. മുഹമ്മദ് അയാളെ തിരുത്തിയില്ലെന്ന് മാത്രമല്ല, ഇതൊരു മാതൃകാ യോഗ്യമായ നടപടിയായി കാണേണ്ടി വന്ന ഗതികേടിലാണ് ഇസ്ലാല്മിക പണ്ഡിതന്മാർ എത്തിപ്പെട്ടത്. സ്വഹീഹുൽ ബുഖാരിയുടെ ഏറ്റവും ആധികാരിക വ്യാഖ്യാന ഗ്രന്ഥമായ ഫത്തഹുൽ ബാരിയിൽ ഇബ്നു ഹജറുൽ അസ്ഖലാനി എന്ന ആധികാരിക ഇസ്ലാമിക പണ്ഡിതൻ പറയുന്നു: “സ്ത്രീയുടെ യോനിയിൽ ചേലാകർമ്മ ശേഷം അവശേഷിക്കുന്ന മാംസ ഭാഗമാണ് ബള്ർ. അറബികൾക്കിടയിൽ പരസ്പരം നിന്ദിക്കാൻ മാതാവിനെ ചേർത്ത് ഇങ്ങനെ പറയൽ പതിവായിരുന്നു. എന്നാൽ അബൂബക്കർ അവരെ കൂടുതൽ നിന്ദിക്കാൻ വേണ്ടിയാണ് അവരുടെ ദേവിയെ തന്നെ പറഞ്ഞത്. മുസ്ലിംകൾ ഓടിപ്പോകും, ഭീരുക്കളാണെന്ന് പറഞ്ഞതാണ് അബൂബക്കറിനെ പ്രകോപിപ്പിച്ചത്. ചീത്ത വാക്കുകൾ അർഹിക്കുന്ന രീതിയിൽ പെരുമാറുന്ന ആളുകളോട് അത്തരം പ്രയോഗങ്ങൾ നടത്തൽ അനുവദനീയമാണെന്നാണ് ഇതിൽ നിന്നും ഉൾക്കൊള്ളേണ്ടത്. ഇബ്നുൽ മുനയ്യിർ പറഞ്ഞു: അബൂബക്കറിൻ്റെ വാക്കുകൾ ശത്രുവിനെ നിന്ദിക്കലും, അവരുടെ വിശ്വാസങ്ങളെ നിരാകരിക്കലുംഅല്ലാഹുവിൻ്റെ പുത്രിയാണ് ലാത്തയെന്ന് വിശ്വസിച്ചിരുന്നവർക്ക്, പുത്രിയായിരുന്നെങ്കിൽ സാധാരണ സ്ത്രീകൾക്കുള്ള എല്ലാമുണ്ടാവുമെന്ന് പറഞ്ഞു കൊണ്ട് അവരുടെ വിശ്വാസങ്ങളിലെ വൈകല്യങ്ങളെ സൂചിപ്പിക്കലുമാണ്. (ഫത്തഹുൽ ബാരി 5/340). സംസ്കൃത മനുഷ്യർ കേട്ടാലറക്കുന്ന ഈ തെറിവാക്കുപയോക്കുന്ന അബൂബക്കറിനെയും അതിനു മൗനാനുവാദം കൊടുത്ത മുഹമ്മദിനെയും ന്യായീകരിച്ച് നിയമം നിർമ്മിക്കാൻ കഷ്ടപ്പെടുന്ന ഈ ഇസ്‌ലാമിക പണ്ഡിതനെ മുസ്ലിം ലോകം ആദരപൂർവ്വം വിളിക്കുന്നത് ‘ശൈഖുൽ ഇസ്ലാം’ എന്നാണ്.

ഇതേ ഹദീസിൻ്റെ അടുത്ത ഭാഗത്ത് വിവരിക്കുന്ന ഒരു സംഭവം കൂടെ ഉദ്ധരിക്കാം. “പിന്നെ നബി മദീനയിലേക്ക് മടങ്ങി. അപ്പോൾ ഖുറൈശികളിലൊരാളായ അബൂബസ്വീർ നബിയുടെ അടുത്ത് വന്നു. അദ്ദേഹത്തെ പിടിച്ച് കൊണ്ട് പോവാൻ ഖുറൈശികൾ രണ്ടു പേരെ അയച്ചു. അവർ വന്നു നബിയോടു പറഞ്ഞു: ‘താങ്കൾ ഞങ്ങളുമായുള്ള കരാർ പാലിക്കൂ’. നബി അദ്ദേഹത്തെ അവർക്ക് വിട്ടു കൊടുത്തു. അവരദ്ദേഹത്തെ കൊണ്ടു പോയി. ദുല്ഹുലൈഫയിലെത്തിയപ്പോൾ അവർ ഇറങ്ങി, കൈവശമുള്ള കാരക്ക ഭക്ഷിച്ചു. അപ്പോൾ അബൂ ബസ്വീർ അവരിലൊരാളോട് പറഞ്ഞു. ‘അല്ലാഹുവാണേ, നിൻ്റെ വാൾ നല്ലതാണെന്നു തോന്നുന്നു. അപ്പോൾ അയാളതുറയിൽ നിന്നൂരിയിട്ടു പറഞ്ഞു: ‘അതേ, അല്ലാഹുവാണേ, ഇതു നല്ലതു തന്നെ. ഞാനിതു പിന്നെയും പിന്നെയും പരീക്ഷിച്ചിട്ടുണ്ട്. അപ്പോൾ അബൂ ബസ്വീർ പറഞ്ഞു: ‘ഒന്നു കാണിക്കൂ, ഞാനൊന്നു നോക്കട്ടെ’. അയാളത് അബൂ ബസ്വീറിൻ്റെ കയ്യിൽ കൊടുത്തു. ഉടൻ അബൂ ബസ്വീർ അയാളെ വെട്ടി, അയാൾ തൽക്ഷണം മരിച്ചു വീണു. മറ്റെയാൾ പേടിച്ചോടി മദീനയിലെത്തി പള്ളിയിൽ ഓടിക്കയറി. അയാളെ കണ്ടപ്പോൾ നബി പറഞ്ഞു: ‘ഇയാൾ ഭയാനകമായ എന്തോ കണ്ടിട്ടുണ്ട്’. നബിയുടെ അടുത്തെത്തിയപ്പോൾ അയാൾ പറഞ്ഞു: ‘അല്ലാഹുവാണേ, എൻ്റെ കൂട്ടുകാരൻ കൊല്ലപ്പെട്ടു. തീർച്ചയായും ഞാനും കൊല്ലപ്പെടും’. അപ്പോൾ അബൂ ബസ്വീർ വന്നു. അദ്ദേഹം പറഞ്ഞു: ‘അല്ലഹുവിൻ്റെ നബിയേ, അല്ലാഹുവാണേ, അള്ളാഹു താങ്കളുടെ ഉത്തരവാദിത്വം പൂർത്തിയാക്കിയിരിക്കുന്നു. അങ്ങെന്നെ അവരിലേക്ക്‌ തിരിച്ചയച്ചല്ലോ. പിന്നെ അള്ളാഹു അവരിൽ നിന്നെന്നെ രക്ഷപ്പെടുത്തി’. നബി പറഞ്ഞു: ‘ഹോ നീ യുദ്ധം ഇളക്കി വിടുകയാണല്ലോ. അവനു സഹായിയായി ആരെങ്കിലുമുണ്ടായിരുന്നെങ്കിലോ’? ഇതു കേട്ടപ്പോൾ തന്നെ അവരിലേക്കു തിരിച്ചയക്കുമെന്ന് അദ്ദേഹത്തിനു തോന്നി. അദ്ദേഹം രക്ഷപ്പെട്ടു കടൽത്തീരത്തെത്തി. സുഹൈലിൻ്റെ മകൻ അബൂ ജന്ദൽ അവരിൽ നിന്ന് രക്ഷപ്പെട്ടു അബൂ ബസ്വീറിനൊപ്പം ചേർന്നു. പിന്നീട്‌ ഖുറൈശികളിൽ നിന്ന് രക്ഷപ്പെട്ടു മുസ്ലിമായി വരുന്ന ഏതൊരാളും അബൂബസ്വീറിൻ്റെ കൂടെ കൂടാൻ തുടങ്ങി. അങ്ങനെയൊരു സംഘമവിടെ ഒരുമിച്ചു കൂടി. അല്ലാഹുവാണേ, ശാമിലേക്കു ഖുറൈശികളുടെ കച്ചവട സംഘം പുറപ്പെട്ടതായി കേട്ടാൽ അവരെ പിടികൂടി വധിക്കുകയും അവരുടെ ധനം ഇവർ കൈവശപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നു’.

തന്നെ വിശ്വസിച്ച ഖുറൈശിയെ വഞ്ചിച്ചു കൊണ്ടു അരുംകൊല ചെയ്ത ഇസ്ലാം മത വിശ്വാസി ആത്മവിശ്വാസത്തോടെ ഇസ്ലാം മത സ്ഥാപകൻ്റെ അടുത്തേക്ക് കൂളായി, അഭിമാനപുരസ്സരം വരികയും ഈ വിശ്വാസ വഞ്ചനയെ ന്യായീകരിക്കുകയും ചെയ്തപ്പോൾ ഭരണാധികാരി കൂടിയായ മുഹമ്മദ് മൗനിയായി നിൽക്കുന്ന കാഴ്ചയാണ് നാമിവിടെ കാണുന്നത്. തൻ്റെ അനുയായി ചെയ്തത് തെറ്റായിപ്പോയി എന്ന വേവലാതിയല്ല, അവരുടെ കൂടെ ആളുകൾ ഉണ്ടായിരുന്നെങ്കിൽ യുദ്ധമുണ്ടാവുമായിരുന്നില്ലേ എന്ന ആശങ്കയാണ് മുഹമ്മദ് പ്രകടിപ്പിച്ചത്. തൻ്റെ അധികാര പരിധിയിൽ വെച്ച് ഒരു കൊലപാതകം നടത്തി അഭിമാന പുരസ്സരം ഭരണാധികാരിയുടെ മുന്നിലേക്ക് വരാൻ ധൈര്യം കൊടുക്കുന്ന ഒരു ഭരണാധികാരിക്ക് ഒരു കൊള്ള സംഘത്തിൻ്റെ തലവനെന്നതിലുപരി കൂടുതൽ ഡക്കറേഷൻ ഒന്നും കൊടുക്കാനില്ല.

ഈ സംഭവത്തെ ന്യായീകരിക്കേണ്ട ഗതികേടും വന്നു പെട്ടത് ഇസ്ലാമിക പുരോഹിതന്മാർക്ക് തന്നെ. ഇമാമിൻ്റെ വ്യക്തമായ അനുമതിയില്ലാതെ തന്നെ ആക്രമണ യുദ്ധങ്ങളാവാമെന്നാണ് ഈ സംഭവം ഉദ്ധരിച്ചു കൊണ്ട് ഇസ്ലാമിക പണ്ഡിതന്മാർ എഴുതി വെച്ചത്. ഹൈദരാബാദിലെ ജാമിഅത്തുൽ ബനാത്തിലെ ഡയറക്ടറും മദ്രസ്സത്തുൽ മൗലാനാ മൗദൂദിയുടെ സ്ഥാപകനുമായ അബ്ദുൽ അലീം ഇസ്ലാഹി എഴുതി, ‘ദഅവത്തും ജിഹാദും’ എന്ന പേരിൽ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ‘ജാഹിലിയ്യത് കെ ഖിലാഫെ ജംഗ്’ എന്ന പുസ്തകത്തിൽ ‘വർത്തമാന കാലഘട്ടത്തിൽ അബുൽബഷീറിൻ്റെ മാതൃക’ എന്ന തലക്കെട്ടോടു കൂടെ പറയുന്ന ചില കാര്യങ്ങൾ പരിശോധിക്കാം. “അബുൽ ബഷീറിൻ്റെ സംഘത്തിൻ്റെ തെളിവു പിടിച്ചുകൊണ്ട് ഏതെങ്കിലുമൊരു സംഘം കാട്ടിലോ മലയിലോ താവളമുറപ്പിച്ച് ഇസ്‌ലാമിൻ്റെ ശത്രുക്കളെ ലക്ഷ്യമിടുന്നെങ്കിൽ അതെങ്ങനെ തെറ്റാവും? അബുൽ ബഷീർ താമസിച്ചിരുന്ന സ്ഥലം ഇല്മിക രാഷ്ട്രത്തിന് പുറത്തയത് കൊണ്ടാണ് പ്രവാചകൻ മൗനം ദീക്ഷിച്ചിരുന്നത് എന്നാണ് ഇവരുടെ വാദമെങ്കിൽ ആ നിഗമനം ഒരിക്കലും ശരിയല്ല. കാരണം, പ്രവാചകൻ്റെ പ്രവാചകത്വം മുഴുവൻ ലോകത്തിനുമുള്ളതാണ്. ലോകത്തിൻ്റെ ഏതു കോണിൽ ഒരു മുസ്ലിം ജീവിച്ചിരിക്കുന്നുവെങ്കിലും പ്രവാചകൻ്റെ വിധിക്കു കീഴ്പ്പെട്ടവനായിരിക്കും. അബുൽ ബഷീറും പ്രവാചകൻ്റെ അനുസരണാ വലയത്തിനു പുറത്തായിരുന്നില്ല. ഇനി ഈ നിഗമനം ശരിയാണെന്നു വെച്ചാലും അത് നമ്മുടെ വാദഗതിയെ ഒന്നുകൂടെ ബലപ്പെടുത്തുന്നു. അതായത്, ഒരു സംഘം മുസ്ലിംകൾ ലോകത്തെവിടെ ഒരുമിച്ച് കൂടി കഴിഞ്ഞാലും യാതൊരു നിബന്ധനയുമില്ലാതെ തന്നെ ശത്രുക്കൾക്കെതിരെ പോരാടാൻ അവകാശമുണ്ടെന്നതിനു തെളിവു കൂടിയായിത്തീരുന്നു ഈ സംഭവം. ഒരു നേതാവോ ഖലീഫയോ ഭരണകൂടമോ രൂപപ്പെട്ടതിൻ്റെ ശേഷമേ ഇങ്ങനെയൊക്കെ ആകാവൂ എന്ന കാത്തിരിപ്പിൻ്റെ ആവശ്യമില്ല എന്നർത്ഥം”.

(തുടരും)

Leave a comment