Skip links

സ്ത്രീകൾക്ക് കയ്യെഴുത്ത് പഠിപ്പിക്കൽ

“സ്ത്രീകൾക്ക് കയ്യെഴുത്ത് പഠിപ്പിക്കൽ ശറഇൽ മക്‌റൂഹാണെന്നും മറ്റും പലേ മഹാന്മാരായ ഉലമാക്കൾ മുമ്പ് തന്നെ തീരുമാനിച്ചിട്ടുള്ളതാകയാൽ അവർക്ക് കയ്യെഴുത്ത് പഠിപ്പിക്കൽ പ്രത്യേകം പാടില്ലാത്തതാണെന്ന് ഈ യോഗം തീരുമാനിക്കുന്നു. സി.കെ. മുഹമ്മദ് മൗലവി അവതരിപ്പിച്ചു. എ.പി. അഹമ്മദ് കുട്ടി മൗലവി പിന്താങ്ങി.”

അൽ-ബയാൻ [അറബി-മലയാള ലിപി] 1930 മാർച്ച്

“സ്ത്രീകളുടെ പ്രഥമവും പ്രധാനവുമായ ദൗത്യം കുടുംബ ഭരണമാണല്ലോ. ആയിഷ (റ) ഉദ്ധരിക്കുന്ന ഹദീസിൽ കാണാം; “സ്ത്രീകളെ നിങ്ങൾ മാളിക മുകളിൽ താമസിപ്പിക്കരുത്. അവർക്ക് എഴുത്ത് പഠിപ്പിക്കുകയുമരുത്, അവർക്ക് നൂൽ നൂൽക്കലും സൂറത്തുന്നൂറും പഠിപ്പിക്കുക.” ഇത് ഹാക്കിം (റ) ഉദ്ധരിക്കുകയും ബൈഹഖി (റ) സ്വഹീഹാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തതാണ്.”

സമസ്ത 85th വാർഷികോപഹാരം, P 495

“എല്ലാ വിഷയത്തിലും പുരുഷന്മാരോട് സ്വീകരിക്കുന്ന നിയമപരമായ നയമല്ല സ്ത്രീയോട് ഇസ്ലാം സ്വീകരിച്ചിരിക്കുന്നത്. ഈ വ്യത്യസ്തത ഏത് വിഷയത്തിൽ നാം വിലയിരുത്തിയാലും അത് അന്തിമവിശകലനത്തിൽ സ്ത്രീയുടെ മാനവും ആരോഗ്യവും സൗന്ദര്യവും നിലനിർത്താനുള്ളതായി നമുക്ക് കാണാവുന്നതാണ്. എഴുത്ത് പഠിപ്പിക്കുന്ന കാര്യവും ഇതിൽ പെടുന്നു. ഈ വിഷയത്തിലും പുരുഷന്മാരോട് സ്വീകരിച്ച അതേ നയം സ്ത്രീകളോട് സ്വീകരിച്ചിട്ടില്ല.

ഈ വിഷയത്തിൽ ലോക പ്രശസ്ത പണ്ഡിതനായ ഇമാം ഇബ്നു ഹജറുൽ ഹൈതമി തൻ്റെ ഫത്താവൽ ഹദീസിയ്യയിൽ ഒരു ഫത്‌വ രേഖപ്പെടുത്തുന്നുണ്ട്. ഒട്ടേറെ ഹദീസുകളുടെയും മറ്റും അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ ഫത്‌വ സ്വരൂപിച്ചിരിക്കുന്നത്. സ്ത്രീകൾക്ക് എഴുത്ത് പഠിപ്പിക്കൽ അനുവദനീയമാണെന്നും അതുപേക്ഷിക്കുന്നതിൽ ഗുണമുണ്ടെന്നുമാണദ്ദേഹം സമർത്ഥിക്കുന്നത്. സ്ത്രീകൾക്ക് എഴുത്ത് പഠിപ്പിക്കുന്ന കാര്യം ബുദ്ധിപരമായി തന്നെ വിലയിരുത്തുമ്പോൾ ഇക്കാര്യം നമുക്ക് വ്യക്തമാകും.

സ്ത്രീ എഴുത്ത് പഠിക്കുന്നതിൽ ഭൗതികമായ വല്ല ഗുണവും ഉണ്ടോ ഇല്ലേ എന്ന് ഇവിടെ പറയേണ്ടതില്ല. ഭൗതികമായ വല്ല ഗുണവും ഉണ്ടായാലും അക്കാര്യം ശറഇന്ന് നിരോധിക്കുന്നതിന് തടസ്സമില്ല. കള്ളിൽ ധാരാളം ഗുണങ്ങൾ ഉണ്ട് എന്നുപറഞ്ഞ ഇസ്ലാം അടുത്ത നിമിഷത്തിൽ അത് ഹറാമാണെന്ന് പ്രഖ്യാപിച്ചല്ലോ.

സ്ത്രീപുരുഷന്മാർ കാണുന്നതിൽ ഭൗതികമായ ഗുണം തീരെ ഇല്ലെന്നും നാം പറയുന്നില്ല. അതേസമയം അന്യ സ്ത്രീ പുരുഷൻമാർ തമ്മിൽ കാണൽ അനുവദനീയമല്ല എന്നും അവർ തമ്മിൽ കണ്ണടക്കണം എന്നും ഖുർആൻ പറയുന്നു. ഇവിടെയും കേവല ഭൗതികമായ നേട്ടമല്ല ഇസ്ലാം കണ്ടത്. മറിച്ച് സ്ത്രീയുടെ സ്ത്രീത്വവും സൗന്ദര്യവും സംരക്ഷിക്കലാണ്. എന്നാൽ ഈ വിഷയത്തിൽ ഒളിഞ്ഞും തെളിഞ്ഞും രഹസ്യവും പരസ്യവുമായി എതിർപ്പ് പ്രകടിപ്പിക്കുന്നവർ തന്നെയാണ് എഴുത്ത് പഠിക്കുന്ന കാര്യത്തിലും ഇതിൽ ഹജർ (റ) പറഞ്ഞതിനോട് എതിർപ്പുള്ളവർ.
മറയ്ക്കുള്ളിൽ ഇരിക്കുന്ന പെണ്ണിനും ജയിലിൽ താമസിക്കുന്ന പുരുഷനും തമ്മിൽ ബന്ധപ്പെടുന്ന രഹസ്യമായ വിനിമയം ആകാൻ എഴുത്തിന് സാധ്യതയുണ്ട്. ഈ പ്രശ്നവും സാഹിത്യ പ്രശ്നവും എല്ലാം കഴിഞ്ഞ കാലത്തേക്കാൾ സങ്കീർണ്ണമാണ് ഇന്ന്. എഴുത്തിന് ഗുണം ഉണ്ടല്ലോ എന്ന ചോദ്യം മാത്രം ഇവിടെ പ്രസക്തമല്ല.

കള്ള് പലിശ തുടങ്ങിയവയെ സംബന്ധിച്ചുള്ള മതപരമായ നിയമങ്ങളും ആധുനിക ഗവൺമന്റുകൾ എടുക്കുന്ന ചില തീരുമാനങ്ങളും പരിശോധിച്ചാൽ ഇക്കാര്യം നമുക്ക് മനസ്സിലാകും. കള്ള് തന്നെ വിരോധിച്ച രാഷ്ട്രവും സംസ്ഥാനങ്ങളും ഇല്ലേ? മതേതര രാഷ്ട്രമായ ഇന്ത്യയിൽ തന്നെ പല സംസ്ഥാനങ്ങളിലും കള്ള് നിരോധിച്ചല്ലോ. കേരളത്തിൽ ഈ വിരോധം പിന്നീട് നീക്കം ചെയ്തതല്ലേ? എന്നായി ഈ വിരോധം പിന്തിരിപ്പൻ ആണെന്നും യാഥാസ്ഥിതികം ആണെന്നും കള്ളുകുടിയിൽ അനേകം ഗുണം ഉണ്ടെന്നും പറയുന്നവരുണ്ടല്ലോ.
ഒരുകാര്യം ഇസ്ലാമികമായി അനുവദനീയമോ തെറ്റോ ആകുന്നത് അതിൽ വല്ല ഗുണവും ഉണ്ടോ ഭൗതികമായി അത് വളരെ ആവശ്യമാണോ എന്ന് നില മാത്രം പരിശോധിച്ചല്ല. ജനങ്ങളുടെ ഭൗതികമായ ആവശ്യം മാത്രം പരിഗണിക്കുകയാണെങ്കിൽ പലിശ ഇവിടെ ഹലാൽ ആക്കേണ്ടി വരും. അങ്ങനെ എന്തെല്ലാം.

ഈ പശ്ചാത്തലത്തിൽ ഖുർആനിന്റെയും ഹദീസുകളുടെയും അടിസ്ഥാനത്തിൽ ഇബ്നുഹജർ പറഞ്ഞ കാര്യം സമസ്ത തള്ളിക്കളഞ്ഞില്ല. ഇത് ഒരു പിന്തിരിപ്പൻ നയം ആയി സമസ്ത കാണുന്നുമില്ല. ഇത് പിന്തിരിപ്പൻ നയമാണ് എന്ന് പറയുന്നവരോട് പലിശയും കള്ളും നിരോധിക്കുന്നത് പിന്തിരിപ്പനാണ് എന്ന് പറഞ്ഞാൽ അവർക്ക് എന്ത് ചെയ്യാൻ കഴിയും.”
സമസ്ത് അറുപതാം വാർഷിക സമ്മേളന സുവനീർ

Leave a comment