Skip links
Arif

എന്റെ മതനിരാസ പരിണാമം.

സ്ഥിരമായി ഇസ്ലാമിനെ അവഹേളിക്കുന്ന, നബിയെ കൊച്ചാക്കുന്ന, എല്ലാറ്റിനും ഉപരി ദൈവ നിഷേധികളായ യുക്തിവാദികളെ വെറുത്ത് കൊണ്ട് സ്വതന്ത്രചിന്തകർ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റ് അടിച്ച് നടന്നിരുന്ന ഒരു കാലം എനിക്ക് ഉണ്ടായിരുന്നു. ഇസ്ലാമിൻറെ ദൈവികതയിൽ തരിമ്പ് പോലും സംശയം എനിക്ക് ഉണ്ടായിരുന്നില്ല. വളരെ ചെറുപ്പം മുതൽ തന്നെ ഒരു തികഞ്ഞ സലഫി ആശയക്കരൻ ആയിരുന്നു, 2018 വരെ. അതായത് ഒരു perfectionist ആയിനടക്കുന്ന ഒരുതരം ശുദ്ധ വിശ്വാസി. സുന്നിയിൽ നിന്നും സലഫി ആയി പരിണമിച്ച് വന്ന ഒരു പോടെൻഷ്യൽ ജിഹാദി. മൗലൂദ് ഓതി മട്ടൻ ബിരിയാണി കുടുംബക്കാർ തട്ടുന്ന അന്നും പട്ടിണി കിടന്നിട്ടുണ്ട്, പന്ത്രണ്ടാം വയസ്സിൽ. പത്താം വയസ്സിൽ കുനൂത്ത് ഓത്ത്‌ നിർത്തി തറവാട്ടിൽ വിപ്ലവം ആരംഭിച്ച രക്തം ആണ്..!!

2017 ല്‌ നടന്ന എന്റെ ആദ്യ വിവാഹ മോചനം ഒരു വലിയ വിഷയത്തിലേക്ക് എൻറെ ചിന്തയെ എത്തിക്കുന്നതോടെ ആണ് കര്യങ്ങൾ മാറി മറിയുന്നത്. ആദ്യ ഭാര്യയും ഒരു തികഞ്ഞ വിശ്വാസി ആയിരുന്നു. ഒരു സലഫിക്കാരി തന്നെ. പുതിയതായി മതം പഠിച്ച ഒരു തീക്ഷ്ണ വിശ്വാസിനി.

അവളുടെ ആവശ്യങ്ങൾ നേടി എടുക്കാൻ കിതാബുകൾ പരതിക്കൊണ്ട് എന്റെ മുന്നിൽ കിതാബുമയി വന്ന് ഹദീസുകൾ എണ്ണി പറയുന്ന ആ കാഴ്ച ഇന്നും മറയുന്നില്ല. സന്ദർഭത്തിൽ നിന്നും അടർത്തി എടുക്കരുത്, അത് നബിയുടെ ഭര്യമാർക്കുള്ള അവകാശം മാത്രം ആണ്, മറിച്ചുള്ള ഹദീസുകൾ വേറെ ഉണ്ട്, എല്ലാറ്റിനും ഉപരി, ഭർത്താവിന്റെ മുന്നിൽ സുജൂദ് ചെയ്യാൻ വരെ നബി കൽപ്പിക്കാൻ സാധ്യത ഉണ്ടായിരുന്നു, അള്ളാഹു അനുവദിച്ചാൽ എന്ന ഹദീസ് ഒക്കെ എനിക്ക് നല്ല അസ്സൽ മേൽക്കൈ തന്നെ ആണ് തന്നത്. പോരാത്തതിന് വിശ്വാസികളായ ഇരു കുടുംബക്കാരും എന്നോടൊപ്പം ചേർന്ന് നിൽക്കുകയും, വിവാഹ മോചനത്തിനായി പ്രേരിപ്പിക്കുകയും ചെയ്തു കൊണ്ടിരുന്നു. അതേ, അവളുടെ കുടുംബം പോലും..! കാരണം, ഇസ്ലാം അത് ശരി വെച്ചു. മഹല്ലും..!!

അത്രക്ക് തന്റെടക്കാരിയും, മോഡേണ് ചിന്താഗതിയും അണത്രെ അവൾക്ക്. അത് അനിസ്ലാമികം ആണ് അത്രേ. അവള് ഒരു കുലസ്ത്രീ അല്ലായിരുന്നു അത്രേ. ഞാനും അതിനെല്ലാം കയ്യടിച്ചു കൊടുത്തു. കാരണം, അനിസ്ലാമികമായ കാര്യങ്ങൾക്ക് ഞാൻ എങ്ങനെ കൂട്ട് നിൽക്കും? ഞാനൊരു perfectionist ആയിരുന്നല്ലോ…!!

അങ്ങനെ, ഒരു വിശ്വാസി എന്ന നിലക്ക് പൂർണമായി അർഹത നേടിയ ശേഷം ആണ് ഞാൻ വിവാഹമോചനം നടത്തിയത് എന്ന ഒരു ബോധം എനിക്ക് അമിതമായ ആത്മ വിശ്വാസവും സന്തോഷവും ആണ് നൽകിയത്. കാരണം, ഞാൻ അല്ലാഹുവിൻറെ മുന്നിൽ കൃത്യമായി നിയമങ്ങൾ പാലിച്ച് എടുത്ത തീരുമാനം ആയിരുന്നല്ലോ അത്. സ്വർഗ്ഗത്തിൽ എനിക്ക് ഒരു ഇരിപ്പഠം ഞാൻ സ്വയം ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. അത്രക്ക് വലിയ ത്യാഗം ആണ് ഞാൻ ചെയ്തത്. പണത്തിനും, സൗന്ദര്യത്തിനും എല്ലാം മുകളിൽ ഞാൻ ദീൻ ആണ് മുറുകെ പിടിച്ചത്.

പക്ഷേ, വിവാഹ മോചന ശേഷം ചിലപ്പോഴൊക്കെ വീണ്ടും ആലോചിക്കാൻ തുടങ്ങി, ഞാൻ എടുത്ത തീരുമാനം ശരി തന്നെ ആണല്ലോ അല്ലേ എന്ന്. ഒരു routine സ്റ്റാറ്റസ് ചെക്ക്. അതിനിടക്ക് രണ്ടാം വിവാഹവും നടന്നു. അപ്പോഴേക്കും Isis വന്നു ബോംബിട്ട് ബോംബിട്ട് എന്നെ തിരിച്ച് സ്വതന്ത്ര ചിന്തയുടെ ലോകത്ത് തിരിച്ച് എത്തിച്ചിരുന്നു. എന്ത് ന്യായീകരണം ആണ് ഇവർക്ക് ഒക്കെ ഇങ്ങനെ ബോംബ് പൊട്ടിക്കാൻ കുർആനിൽ ഉള്ളത് എന്ന് ആഴത്തിൽ പഠിക്കാൻ അത് ഒരു കാരണം ആയി. ഇസ്ലാമോഫോബിയ ഒരു ഇരവാദം ആകുന്നത് നേരിൽ കാണാൻ സാധിച്ചു. ഞാൻ ഇസ്ലാമിന്റെ അധ്യാപനങ്ങളിൽ ഒരു പുനർവായന തുടങ്ങി.

അക്കൂട്ടത്തിൽ ആണ്, ഇസ്ലാമിലെ സ്ത്രീ വിരുദ്ധത, പുരുഷ മേധാവിത്വം, അടിമ സമ്പ്രദായം എന്നിവ എന്റെ കണ്ണിൽ ഉടക്കുന്നത്. സ്ത്രീ വിരുദ്ധത കൂടുതൽ പഠിക്കുവൻ ശ്രമിച്ചു. അന്ന് മുതല് ഞാൻ കണ്ട, അറിഞ്ഞ കാര്യങ്ങൾ എന്നെ തികച്ചും തകർത്തു കളഞ്ഞു. ഇത്ര സ്ത്രീ വിരുദ്ധമായ ഇസ്ലാമിൻറെ പേരിൽ ആണല്ലോ ഒരു പെൺകുട്ടിയുടെ ജീവിതം ഞാൻ നശിപ്പിച്ചത് എന്ന ചിന്ത എന്നെ കുഴക്കി. ഞാൻ എന്നെ തന്നെ ഒരു കുറ്റവാളിയെ പോലെ കാണാൻ തുടങ്ങി. എൻറെ ആത്മ വിശ്വാസം ചോർന്ന് പോയി. മുഴുവനും.

അവളോട് മാപ്പ് പറയണം എന്ന് വരെ ആലോചിച്ച് പോയി. പക്ഷേ എന്തു ഗുണം. അവൾ ഇന്നും വിശ്വാസി ആയിരിക്കും, അങ്ങനെ ആണെങ്കിൽ, അവൾക്ക് ഞാൻ അന്യപുരുഷൻ ആണ് ഇന്ന്. അത് കൊണ്ട് ഇനി അതിനു സാധ്യത ഇല്ല.

മതങ്ങൾ, പ്രത്യേകിച്ച് ഇസ്ലാം പുരുഷന് നൽകുന്ന മേൽക്കൈ അറിയാതെ ആണ് എങ്കിലും ഞാനും അത് ആസ്വദിച്ച് ഉപയോഗിച്ച് പോയല്ലോ എന്ന തിരിച്ചറിവ് എന്നെ ഏറെ അസ്വസ്ഥനാക്കി.
വിശ്വാസി ആയിരുന്ന എന്റെ ആദ്യ ഭാര്യ തന്റെ ആവശ്യങ്ങൾ, സ്വാതന്ത്ര്യങ്ങൾ എൻറെ മുന്നിൽ വെച്ചത് മത കണ്ണ് കൊണ്ട് മാത്രം കണ്ട അന്നത്തെ വിശ്വാസിയായ ഞാനും, ഇരു കുടുംബക്കാരും വാസ്തവത്തിൽ ആ സ്ത്രീയെ കോർണർ ചെയ്യാൻ ആണ് ആ വാദങ്ങൾ ഉപയോഗിച്ചത്. അങ്ങനെ മത കണ്ണിൽ ഒരു തെറിച്ച പെണ്ണായി ചിത്രീകരിക്കപ്പെട്ട അവൾ എത്ര മാത്രം വിഷമം ആണ് അനുഭവിച്ച് കാണുക എന്ന ചിന്ത ഇന്നും എന്നെ അസ്വസ്ഥനാക്കി കൊണ്ടിരിക്കുന്ന ഒന്നാണ്.
കാലം പോയിക്കൊണ്ടിരുന്നു. പഠിക്കും തോറും, ഞാൻ അറിഞ്ഞ ഇസ്ലാമിന്റെ രൂപം വികൃതം ആയിക്കൊണ്ടിരുന്നൂ. ഇസ്ലാമിൽ നിന്നും ഞാൻ അകലാൻ തുടങ്ങി. നിസ്കാരം വുളു എടുക്കാതെ ആയി. ജലം പാഴാക്കരുത് എന്ന ചിന്ത തന്നെ..!! ആചാരങ്ങൾ ഓരോന്നായി അങ്ങനെ യുക്തിക്ക് വഴിമാറി. അവസാനം നോമ്പ് എടുത്തത് 2019 ല്‌ ആണ്. അതും പല ദിവസങ്ങളിൽ ഉറങ്ങി പോയത് കാരണം വെറും പട്ടിണി മാത്രം ആയി മാറി. ExMuslim കൂട്ടായ്മകൾ തന്ന ആത്മവിശ്വാസം ജുമുഅയും അവസാനിപ്പിക്കാൻ കാരണമായി.

അങ്ങനെ, 2019 ഓണാഘോഷം എത്തി. നമ്മുടെ diplomatic ഓണാഘോഷം…!! അത് എല്ലാം വളരെ എളുപ്പം പൂർത്തി ആക്കി. മത നിരാസം തുറന്നു പറയാൻ അത് ഒരു വലിയ കാരണം ആയി എന്ന് തന്നെ വേണം പറയാൻ. എൻറെ ഒപ്പം കളിച്ചുവളർന്ന എന്റെ കൂട്ടുകാരന്റെ വീട്ടിൽ നിന്നും ഞാൻ കഴിക്കുന്ന ഓണസദ്യ എന്നെ നരകത്തിൽ എത്തിക്കുമെന്ന് ഏത് മതം പറഞ്ഞാലും ശരി, ആ മതം എനിക്ക് വേണ്ട, അത് ഇനി ഇസ്ലാം ആയാലും ശരി, എന്ന് ഉറക്കെ വിളിച്ചു പറഞ്ഞങ്ങ് പ്രഖ്യാപിച്ചു.

എന്റെ മത നിരാസം അന്ന് മുതൽ പരസ്യമായി. സമാധാന മതക്കാർ ഇപ്പോഴും വട്ടമിട്ട് പറന്നുകൊണ്ടിരിക്കുകയാണ്, വാളും, തെറിവിളിയും, അവഹേളനവും ആയി. അതാണല്ലോ സമാധാന മതത്തിന്റെ മുഖമുദ്ര.

സമാധാനമതം_റോക്സ് ✌🏾

ഏതായാലും, ഈ ലോകത്ത് ഒരു മനുഷ്യനായി ജീവിക്കാൻ മതം വേണ്ടതില്ല എന്ന തിരിച്ചറിവ് ജീവിതത്തിന് കൂടുതൽ അർത്ഥം ആണ് ഇന്ന് നൽകുന്നത്. അതിന് ഇസ്ലാം തീരെ വേണ്ടതില്ല എന്ന തിരിച്ചറിവ് ഏറ്റവും നല്ല മനുഷ്യൻ ആവാനുള്ള പ്രേരണയും.
പണ്ട് അമുസ്ലിമിനേയും, മുസ്ലിമിനെയും മാത്രം കണ്ടിരുന്ന എനിക്ക് ഇന്ന് മനുഷ്യരെ കാണാൻ സാധിക്കുന്നു. എന്നിലോടിയിട്ടുള്ള പുരുഷാധിപത്യ വ്യവസ്ഥിതിയുടെ അടിവേരുകളിൽ അവസാനത്തെ വേരും അറുത്തു മാറ്റാൻ കിണഞ്ഞു ശ്രമിച്ചു കൊണ്ടിരിക്കുന്നു.
ഈ പരിണാമം തുടർന്നുകൊണ്ടിരിക്കുന്നു…
എന്ന്
Arif Hussain Theruvath
ExMuslim

Leave a comment

 1. Post comment

  Avatar
  സത്യശീലൻ says:

  കുറച്ച് വർഷങ്ങൾക്ക് മുൻപുള്ള കഥയാണ്. ഇസ്ലാമിനെ കഠിനമായി വിമർശിക്കുന്ന ഒരാളാണ് ഞാൻ. അക്കാലത്ത് വീഡിയോകൾക്ക് താഴെ ഞാൻ എഴുതിയ കമെന്റുകളിൽ ഒരു കാര്യം ആവർത്തിക്കാറുണ്ടാ യിരുന്നു. കേരളത്തിലെ എക്സ് മുസ്ലിംകൾ ഒരു സംഘടനയുണ്ടാക്കണം. അന്നൊക്കെ നിരന്തരം ജബ്ബാർ മാഷുടെ വീഡിയോയോകളാണ് വന്നുകൊണ്ടിരുന്നത്. അതൊക്കെ ആസ്വദിച്ച്‌കേൾക്കുന്ന ജബ്ബാർ മാഷുടെ ഒരു ആരാധകൻ ആയിരുന്നു ഞാൻ. അധികം പ്രസംഗങ്ങൾ ഇല്ലെങ്കിലും യുക്തിവാദികളുടെ വേദികളിൽ കാര്യമാത്ര പ്രസംഗകൻ ആയിരുന്നു മുഹമ്മദ് പാറക്കൽ. മലപ്പുറത്തിന്റെ തനതായ ഗ്രാമീണശൈലിയിൽ ജബ്ബാർ മാഷും മുൻ മുസ്ലിംകളുടെ കാര്യങ്ങൾ കാര്യമാത്ര പ്രസക്തമായി മാത്രം സംസാരിക്കുന്ന മുഹമ്മദ് പാറക്കലും കേരളത്തിലെ ഇസ്ലാം വിമർശകരെ വല്ലാതെ രസിപ്പിച്ചുകൊണ്ടിരുന്ന ഒരു കാലമായിരുന്നു അതെന്നു പറയാം. അത് കണക്കിലെടുത്താണ് കേരളത്തിൽ എക്സ് മുസ്ലിംകളുടെ ഒരു സംഘടന യുണ്ടാകണ മെന്നും ജബ്ബാർ മാഷ് അതിന്റെ പ്രസിഡന്റ് ആകണമെന്നും പാറക്കൽമുഹമ്മദ് അതിന്റെ സെക്രട്ടറി ആകണമെന്നൊക്കെ അഭിലഷിക്കുകയും അത് ഞാൻ പ്രകടിപ്പിക്കുകയുമൊക്കെ ചെയ്തത്. ഏതായാലും അതൊന്നും നടന്നില്ല. അതിന്റെ കാരണം എക്സ് മുസ്ലിംകളുടെ ശുഷ്കമായ എണ്ണം തന്നെയായിരുന്നു എന്ന് തോന്നുന്നു. ഏതായാലും ആ സംഘടന യുടെ കുറവ് ലിയാക്കത്തലി, ഡോ. ആരിഫ് ഹുസൈൻ തുടങ്ങിയ മുൻമുസ്ലിംകളിലെ ഇളംമുറക്കാരും പുത്തൻകൂറ്റുകാരുമായ ഉശിരൻ പോരാളികൾ പരിഹരിച്ചിരിക്കുന്നു. ഇന്നാണ് ഞാൻ ഈ സൈറ്റ് കാണുന്നത്. മൊത്തത്തിൽ നന്നായിരിക്കുന്നു എന്ന് കാണുന്നതിൽ അനല്പമായ സന്തോഷമുണ്ട്. കൂട്ടത്തിൽ ഒരു ചെറിയ കാര്യം പറഞ്ഞുകൊള്ളട്ടെ. ഇംഗ്ലീഷ് ഭാഷയുടെ ഒരു ചെറിയ ആരാധകൻ തന്നെ ഞാനും. എന്നാലും ഈ സൈറ്റിൽ നമുക്ക് ഇംഗ്ലീഷ് വേണ്ട. കഴിയുന്നത്ര മലയാളത്തിൽ നമുക്ക് ആശയവിനിമയം നടത്താം. അതായിരിക്കും കൂടുതൽ മലയാളികളിലേക്ക് എത്തുക എന്നു തന്നെ യാണ് ഞാൻ കരുതുന്നത്. അതായിരിക്കണം ഈ സംഘടനയുടെ ലക്ഷ്യവും. അനേകം വർഷങ്ങളുടെ എന്നുതന്നെ പറയാം കാത്തിരിപ്പിന് ശേഷം പിറന്നു വീണ ഈ മഹനീയ സംഘടനക്ക് എല്ലാ വിധ ഭാവുക ങ്ങളും നേരുന്നു. കേരളത്തിലെ അതിവേഗം ശക്തി പ്രാപിക്കുന്ന എക്സ് മുസ്ലിംകളുടെ പ്രധാന ജിഹ്വയായി ഇത് വളരട്ടെ എന്നാശംസിക്കുന്നു.

 2. Post comment

  Avatar
  Abdul Razak Abdul Razak says:

  എന്നിട്ട് ഒന്നും വേണ്ട എന്നായോ?…
  മുസ്ലിം എന്ന പേര് മാറ്റിക്കുടെ…
  അദല്ലെ നല്ലത്….

 3. All the best for all Ex Muslim members. It would be nice to know how many members are part of this group so far.

 4. അതു ശരി ആ പെണ്ണിനെ നഷ്ടപ്പെട്ടതിലെ കുണ് ഠിതം ഇസ് ലാമിനോടങ്ങു തീർക്കാമെന്നു വെച്ചല്ലേ സത്യം തുറന്നെഴുതിയതിനു നന്ദി